വീണാ വിജയന് വീണക്ക് മാസപ്പടി “കേരളത്തിൽ നടക്കുന്നത് സംഘടിത കൊള്ളയാണ് ,മാത്യു കുഴൽനാടൻ

"വീണയുടെ കമ്പനിയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി വെല്ലുവിളിയും ആക്രോശവും നടത്തി ചോദ്യത്തിൽ നിന്ന് ഒളിച്ചോടി. പിണറായിയുടെ മകൾ വ്യക്തിപരമായി പണം വാങ്ങി. കമ്പനിക്ക് പണം വാങ്ങാം. എന്നാല്‍, വീണ എന്ന വ്യക്തിക്ക് എങ്ങനെ പണം വാങ്ങാനാകും?'

0

തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന വിഷയത്തിൽ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. വിഷയം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. വീണ പണം വാങ്ങിയത് ക്രമവിരുദ്ധമായാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. കേരളത്തിൽ നടക്കുന്നത് സംഘടിത കൊള്ളയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

“വീണയുടെ കമ്പനിയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി വെല്ലുവിളിയും ആക്രോശവും നടത്തി ചോദ്യത്തിൽ നിന്ന് ഒളിച്ചോടി. പിണറായിയുടെ മകൾ വ്യക്തിപരമായി പണം വാങ്ങി. കമ്പനിക്ക് പണം വാങ്ങാം. എന്നാല്‍, വീണ എന്ന വ്യക്തിക്ക് എങ്ങനെ പണം വാങ്ങാനാകും?’, മാത്യു കുഴൽനാടൻ ചോദിച്ചു. ഏതു പശ്ചാത്തലത്തിലാണ് പണം വാങ്ങിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടിയായി കൈപ്പറ്റിയത് 1.72 കോടി രൂപയാണ്. ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് കമ്പനി വീണയ്ക്ക് പണം നൽകാൻ കാരണമെന്നാണ് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ നിരീക്ഷണം.

കൊച്ചി ആസ്ഥാനമായുള്ള കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ എന്ന കമ്പനിയിൽ 2019 ജനുവരി 25ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളിൽ വീണാ വിജയനുമായുള്ള സാമ്പത്തിക ഇടപാടിന്റെ ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സേവനം ഒന്നും നൽകാതെ വീണയും അവരുടെ സ്ഥാപനവും മാസപ്പടി കൈപ്പറ്റിയതായി തർക്ക പരിഹാര ബോർഡ് ശരിവച്ചത്.

അതേസമയം വീണ വിജയനെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലിനെ കുറിച്ച് അറിയില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നും വീണ വിജയനെതിരായ വാർത്ത മാത്രമാണ് ശ്രദ്ധയിൽപെട്ടതെന്നും എകെ ബാലൻ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അജണ്ട സെറ്റ് ചെയ്യുകയാണോ. പിണറായി വിജയനേയും കുടുംബത്തെയും തകർക്കുക എന്നത് മാധ്യമങ്ങളുടെ ഉന്നമാണെന്നും ബാലൻ പറഞ്ഞു.നിയമസഭയിൽ അടിയന്തിര പ്രമേയത്തിന്റെ ദാരിദ്യം കുറക്കാൻ മാധ്യമങ്ങൾ ഓരോ വിഷയം ഇട്ടു കൊടുക്കുകയാണ്. ആദായ നികുതി തർക്ക പരിഹാര ബോർഡിൽ താൻ ഇരുന്നിട്ടില്ലെന്നും കാര്യങ്ങൾക്ക് വ്യക്തത വന്ന ശേഷം പ്രതികരിക്കാമെന്നും ബാലൻ കൂട്ടിച്ചേർത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയെ പെട്ടെന്ന് തീരുമാനിക്കും. കണ്ണുനീർ വിറ്റ് വോട്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും എകെ ബാലൻ പറഞ്ഞു

You might also like

-