താൻ പറഞ്ഞത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നിലപാട് ,പി വി അൻവറിനുമറുപടിയുമായി വി ഡി സതീശൻ
രാവിലെ വാര്‍ത്താസമ്മേളനത്തിൽ വിഡി സതീശനെതിരെ പിവി അൻവര്‍ രംഗത്തെത്തിയിരുന്നു.വിഡി സതീശന്‍റെ പേര് എടുത്തുപറയാതെയായിരുന്നു വസ്ത്രാക്ഷേപം നടത്തി തെരുവിലിറക്കി വിട്ടവര്‍ ഇപ്പോള്‍ ചെളിവാരിയെറിയുന്നുവെന്ന് അൻവര്‍ തുറന്നടിച്ചത്
മലപ്പുറം|പിവി അൻവര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുൻ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിലപാടാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. രാവിലെ വാര്‍ത്താസമ്മേളനത്തിൽ വിഡി സതീശനെതിരെ പിവി അൻവര്‍ രംഗത്തെത്തിയിരുന്നു.വിഡി സതീശന്‍റെ പേര് എടുത്തുപറയാതെയായിരുന്നു വസ്ത്രാക്ഷേപം നടത്തി തെരുവിലിറക്കി വിട്ടവര്‍ ഇപ്പോള്‍ ചെളിവാരിയെറിയുന്നുവെന്ന് അൻവര്‍ തുറന്നടിച്ചത്. എന്നാൽ, ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിന്‍റെ നിലപാടാണെന്നും അഹങ്കാരത്തോടെ പറഞ്ഞതല്ലെന്നും ലളിതമായ ഭാഷയിലാണ് അത് പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. ഇന്നലെ പറഞ്ഞതുപോലെ ആദ്യം അൻവര്‍ നിലപാട് വ്യക്തമാക്കണം. അതിനുശേഷം യുഡിഎഫ് അൻവറിന്‍റെ കാര്യത്തിലുള്ള തീരുമാനവും വ്യക്തമാക്കും. ഇപ്പോള്‍ പിവി അൻവര്‍ പറയുന്ന ഒരോ കാര്യത്തിനും മറുപടി പറയേണ്ടതില്ലെന്നും വിഡി സതീശൻ പറഞ്ഞു.
അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിലയിരുത്തട്ടേയെന്നും എല്ലാറ്റിനും മറുപടി നൽകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു. യുഡിഎഫിൻ്റെ നിലപാടുകളുമായി യോജിക്കാൻ അൻവറിന് കഴിയണം. യുഡിഎഫിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും പാർട്ടിയും പരസ്യമായി എതിർക്കുന്നത് എങ്ങനെ ഞങ്ങൾ അംഗീകരിക്കും. അത് അൻവർ ആലോചിക്കണമെന്നും സണ്ണി ജോസഫ് അറിയിച്ചു.
“എൽഡിഎഫിന് മറുപടി നൽകാൻ ആർക്കാണ് സാധിക്കുക. അതെല്ലാവർക്കും അറിയാവുന്നതാണ്. സർക്കാരിനെതിരെ യുഡിഎഫ് സ്വീകരിച്ച നയങ്ങളോടാണ് യോജിക്കേണ്ടത്. അത് വ്യക്തിവിഷയമായി എടുക്കരുതെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതൃത്വമാണ്. മുതിർന്ന നേതാക്കളോടെല്ലാം ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ ഞങ്ങൾ എത്തി”, സണ്ണി ജോസഫ് വ്യക്തമാക്കി.
അൻവറിന് താൻ മറുപടി പറയുന്നില്ലെന്നാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം. അൻവർ യുഡിഎഫ് നേതൃത്വവുമായാണ് ചർച്ച നടത്തുന്നത്. അതിൽ താൻ മറുപടി പറയേണ്ടതില്ലെന്നും നേതൃത്വം തീരുമാനം കൈക്കൊള്ളുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.
“എതിർ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ആരെയും ചേർത്തു നിർത്തും. നിലമ്പൂരിലെ ജനകീയ പ്രശ്നങ്ങളാണ് തനിക്ക് പ്രധാനം. നിലമ്പൂരിൽ യുഡിഎഫ് നേരത്തെ തന്നെ മുന്നൊരുക്കം നടത്തി. വലിയ വിജയം യുഡിഎഫിനുണ്ടാകും. യുഡിഎഫ് സർക്കാരിന്റെ കാലത്തെ വികസന പ്രവർത്തനങ്ങൾ തുടരുകയാണ് ലക്ഷ്യം”, ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. ഉസ്താദിനെ പോലുള്ളവരുടെ അനുഗ്രഹം തേടിയാണ് പ്രചാരണം തുടങ്ങുന്നത്. അതിനാണ് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത് അതിനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം വലിയ ഊർജമാണെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.
അൻവറിൻ്റേത് വിലപേശൽ ആണോയെന്നും, പിന്തുണ പ്രഖ്യാപിച്ചാൽ അൻവറിനെ സഹകരിപ്പിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് അൻവർ ചെയ്യേണ്ടത്. ബാക്കി എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ തീരുമാനിക്കാം. പിണറായി വിജയനെതിരെ എല്ലാ ആയുധവും എടുത്ത് പോരാടുക എന്നതാണ് ലക്ഷ്യമെന്നും മുരളീധരൻ പറഞ്ഞു.
ആദ്യം അൻവർ പിന്തുണ പ്രഖ്യാപിക്കട്ടെ. യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക. ഇതുവരെ എല്ലാ തീരുമാനങ്ങളും ആലോചിച്ചു തന്നെയാണ് എടുത്തത്. കൂട്ടായ ചർച്ചയോടെയാണ് മുന്നോട്ടുപോകുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലുണ്ടായ വീഴ്ചകൾ പരിഹരിച്ച് ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. പിവി അൻവറുമായി സംസാരിച്ചു. ശുഭകരമായ തീരുമാനത്തിലെത്തും. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒരുമിച്ച് നിർത്തും. ഒരു ഘടകക്ഷിയെ മുന്നണിയിലെടുക്കുമ്പോള്‍ ചില ഫോർമാലിറ്റീസുണ്ട്.താൻ പറയുന്നതും പ്രതിപക്ഷനേതാവ് പറയുന്നതും ഒരേ കാര്യമാണ്. അന്തിമതീരുമാനം എടുക്കാൻ പ്രതിപക്ഷനേതാവിനെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചില കാലതാമസം സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.