വർക്കല എസ്ആർ മെഡിക്കൽ കോളജിലെ മുഴുവൻ പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ തീരുമാനം
ഇത് അന്വേഷിക്കാനെത്തിയ വിദ്യാർത്ഥിനിയെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മർദിച്ചതിന് പിന്നാലെ കോളജിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം പിന്നീട് സംഘർഷത്തിൽ കലാശിച്ചു
വർക്കല :വർക്കല എസ്ആർ മെഡിക്കൽ കോളജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ ആരോഗ്യസർവകലാശാല തീരുമാനം. ഇത് അന്വേഷിക്കാനെത്തിയ വിദ്യാർത്ഥിനിയെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മർദിച്ചതിന് പിന്നാലെ കോളജിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം പിന്നീട് സംഘർഷത്തിൽ കലാശിച്ചു. .33 പേർ എഴുതിയ ഒന്നാം വർഷ സപ്ലിമെന്ററി പരീക്ഷയുടെ ഫലമാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഇതേപറ്റി അന്വേഷിക്കാൻ കോളജിലെത്തിയ ആര്യ അനിൽ എന്ന വിദ്യാർത്ഥിനിയെ കോളജിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ സുമംഗലി മർദിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ഇതെ തുടർന്ന് പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികളെ കോളജ് ജീവനക്കാർ തടുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
ഇന്ന് ചേർന്ന ആരോഗ്യ സർവകലാശാല ഗവേണിംഗ് സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവയ്ക്കാനും കോളജിൽ ഇനി പരീക്ഷാ സെന്റർ അനുവദിക്കേണ്ടതില്ലെന്നും സർവ്വകലാശാല ഗവേണിംഗ് കൗൺസിൽ തീരുമാനിച്ചത്. കൂട്ടകോപ്പിയടി തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് ആരോഗ്യ സർവകലാശാല നടത്തിയ പരിശോധനാ റിപ്പോർട്ടും പുറത്തായി. വിജിലൻസ് കണ്ടെത്തിയതിനു നേർവിപരീതമായി കോളേജിനെ വെള്ളപൂശിയാണ് ആരോഗ്യ സർവകലാശാല റിപ്പോർട്ട് നൽകിയത്.
വർക്കല എസ്ആർ മെഡിക്കൽ കോളജിൽ ജൂലൈ 23 മുതൽ നടന്ന രണ്ടാം വർഷ എംബിബിഎസ് സപ്ലിമെന്ററി പരീക്ഷയിൽ കൂട്ട കോപ്പിയടി നടന്നെന്ന് പരാതി ഉയർന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കോപ്പിയടിക്ക് തെളിവായി. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ എസ്ആർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിനോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് കടുത്ത തീരുമാനം. വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവെക്കാനും, ഇനി കോളജിൽ പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടതില്ലെന്നും ഗവേർണിങ് കൗൺസിൽ തീരുമാനമെടുത്തു.
ആരോഗ്യ സർവകലാശാല നിർദ്ദേശിക്കുന്ന തൊട്ടടുത്ത സർക്കാർ മെഡിക്കൽ കോളേജിലെ ഇനി പരീക്ഷാകേന്ദ്രം അനുവദിക്കൂ.
അതേസമയം കോളജിൽ ആവശ്യമായ അടിസ്ഥാന സൗകര്യമുണ്ടെന്ന് പറയുന്ന പ്രോ വൈസ്ചാൻസലർ ഡോ.എ. നളിനാക്ഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന റിപ്പോർട്ട് പുറത്തായി. കെട്ടിടത്തിന് അനുമതിയില്ലെന്നും പരിശോധന സമയത്ത് വാടകരോഗികളെ ഇറക്കിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ രണ്ടു വിഷയത്തിലും വിജിലൻസ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരിക്കെയാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യ സർവകലാശാലയുടെ കടകവിരുദ്ധമായ റിപ്പോർട്ട്. കിടത്തി ചികിത്സയിൽ 35% ഉം ഓ പി യിൽ 58% ഉം രോഗികളുണ്ടെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. 40 ശതമാനം അധ്യാപകരും ഇവിടെയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആശുപത്രി കെട്ടിടത്തിലെ ഒരേ നിലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ ഒരുക്കിയതിലും ഒരു അസ്വാഭാവികതയും സംഘം കണ്ടില്ല.കോളജ് മാനേജ്‌മെന്റിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണമടക്കമാവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടും കോളജിനെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ആരോഗ്യ സർവകലാശാല നൽകിയെന്നുള്ളത് ശ്രദ്ധേയമാവുകയാണ്.