വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി

കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കേസിന്‍റെ തുടർ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം.

0

കൊച്ചി :വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെ വിട്ടതിനെതീരെ സംസ്ഥാന സർക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കേസിന്‍റെ തുടർ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷൻ ഇതിനായി അപേക്ഷ നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തിലാണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ്‌ എന്നിവരെ പാലക്കാട്‌ പോക്സോ കോടതി നേരത്തെ വെറുതെ വിട്ടത്. എന്നാൽ, കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷെൻ്റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ ആണ് പ്രതികളെ വെറുതെ വിടാൻ കാരണമായതെന്നായിരുന്നു സർക്കാർ വാദം. വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനോ പുനർ അന്വേഷണത്തിനോ സർക്കാർ ഒരുക്കമാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതിയ്ക്കും വീഴ്ച സംഭവിച്ചെന്നു സർക്കാർ വാദിച്ചു. കേസിൽ പൊലീസ് തുടക്കം മുതൽ പ്രതികൾക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.കേസിൽ വിചാരണ കോടതി ഉത്തരവ് റദ്ദ് ചെയ്ത വിധിയെ സ്വാഗതം ചെയ്ത പെൺകുട്ടികളുടെ മാതാപിതാക്കൾ കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനമുയർന്ന പശ്ചാത്തലത്തിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ മുഖ്യമന്ത്രിയെ കാണും.വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് വാളയാർ സമരസമിതിയും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണമോ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നാണ് സമരസമിതിയുടെ നിലപാട്.

2017 ജനുവരി 13നും , മാർച്ച്‌ 4നുമാണ് 13ഉം 9ഉം വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെയാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്.2019 ഡിസംബറിൽ ആണ് സർക്കാർ അപ്പീൽ നൽകിയത്

You might also like

-