വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം പാടില്ല ,സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി ഇന്ന് കേസ് കേള്‍ക്കുക.
ഡൽഹി :വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി ഇന്ന് കേസ് കേള്‍ക്കുക. എഫ്‌സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് കേരളത്തിന്റെ വാദം.
സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ലൈഫ്മിഷന്‍ സിഇഒയുടെ ആവശ്യം. ഇതേ ആവശ്യത്തില്‍ സര്‍ക്കാരും കരാര്‍ കമ്പനി ഉടമ സന്തോഷ് ഈപ്പനും നല്‍കിയ ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു. യുഎഇ കോണ്‍സുലേറ്റുമായി പദ്ധതിക്ക് ധാരണാ പത്രം ഉണ്ടാക്കിയതില്‍ തന്നെ ദുരൂഹതയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയുണ്ടായെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഹര്‍ജികള്‍ തള്ളി ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.കേരള ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ലൈഫ് മിഷന്റെ ഹര്‍ജി. ലൈഫ് മിഷന്‍ അഴിമതിക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെ ബുദ്ധിപരമായ നീക്കമുണ്ടെന്ന ഹൈക്കോടതി നിഗമനത്തെ ലൈഫ് മിഷന്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. ഇക്കാര്യങ്ങളില്‍ കൈക്കൂലി ഇടപാട് നടന്നെന്നുള്ള കണ്ടെത്തല്‍ വസ്തുതാ പരമല്ലെന്നാണ് ലൈഫ് മിഷന്റെ വാദം.