സ്വര്ണക്കടത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണം ഇടതുമുന്നണി
സ്വർണക്കടത്തിനെ കുറിച്ച് പല ഉന്നത ബിജെപി നേതാക്കൾക്കും മുൻകൂട്ടി അറിയാമായിരുന്നൂവെന്നാണ് അനിൽ നമ്പ്യാരുടെയും സ്വപ്‌നയുടെയും മൊഴികളിൽ നിന്നും വ്യക്തമായിരിക്കുന്നത്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരൻ അടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൽ പ്രമുഖ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിനും സർക്കാരിനും എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം ആരോപണം ഉന്നയിച്ചത്.
സ്വർണക്കടത്തിനെ കുറിച്ച് പല ഉന്നത ബിജെപി നേതാക്കൾക്കും മുൻകൂട്ടി അറിയാമായിരുന്നൂവെന്നാണ് അനിൽ നമ്പ്യാരുടെയും സ്വപ്‌നയുടെയും മൊഴികളിൽ നിന്നും വ്യക്തമായിരിക്കുന്നത്.സ്വർണം അടങ്ങിയ ബഗേജ് നയതന്ത്ര ബഗേജ് അല്ലെന്ന് കത്ത് നൽകാൻ ബിജെപി ചാനൽ മേധാവി അനിൽ നമ്പ്യാർ നിർദേശിച്ചത് കേന്ദ്ര വിദേശ കാര്യമന്ത്രാലയവുമായി ബന്ധമുള്ള ആരുടെ ഇടപെടൽ മൂലമാണെന്ന് അന്വേഷിക്കണം.ഇതിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ടെലിഫോൺ രേഖകൾ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് വിജയരാഘവൻ ആവശ്യപ്പെട്ടു. സ്വർണക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യണമെന്ന് വിജയരാഘവൻ ആവശ്യപ്പെട്ടു