കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയില്‍ കഴിയുന്ന വി.സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കി
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ അടുത്തിടെ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് സെന്തിൽ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
ചെന്നൈ| കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയില്‍ കഴിയുന്ന വി.സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍.എന്‍ രവി പുറത്താക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ശുപാർശ ഇല്ലാതെ അസാധാരണമായ നീക്കത്തിലൂടെയാണ് ഗവര്‍ണര്‍ മന്ത്രിയെ പുറത്താക്കിയത്. തമിഴകത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത ഇതോടെ രൂക്ഷമാകും.ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ അടുത്തിടെ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് സെന്തിൽ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ സെന്തില്‍ ബാലാജി നിലവില്‍ ഇഡിയുടെ കസ്റ്റഡിയിലാണ്.
കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന വ്യക്തി മന്ത്രിസഭാംഗമായി തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്ന് തമിഴ്നാട് രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നേരത്തെ എക്സൈസ് – വൈദ്യുതി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നിലവിൽ വകുപ്പില്ലാ മന്ത്രിയായി തമിഴ്നാട് മന്ത്രിസഭയിൽ തുടരുകയായിരുന്നു.ഇതിനിടെ സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടിയിരുന്നു. വീഡിയോ കോൺഫറൻസ് വഴിയാണു ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്ക് മുന്നിൽ ഇന്നലെ ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജഡ്ജി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ജൂൺ 13 നാണ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തമിഴ്നാട്ടിൽ വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നത് ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ജൂലൈ 7 ലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മന്ത്രി തുടരുന്നത് അനൗചിത്യമെന്ന് ഗവർണർ പറയുന്നതും, പുറത്താക്കിയുള്ള ഉത്തരവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. ഭരണഘടനപരമായി മാത്രമേ ഇടപെടാനാകുവെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.