പെട്രോൾ വിലയിൽ മിണ്ടാട്ടമില്ല.. സ്വർണ്ണക്കടത്തുകാരെ സംരക്ഷിക്കുന്നത് കൊടിസുനി, വി. മുരളിധരൻ
ഇന്ധന വിലവർധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇതേപ്പറ്റി വിശദമായി പിന്നീട് പ്രതികരിക്കാമെന്നായിരുന്നു വി. മുരളീധരൻ പറഞ്ഞു.
ഡൽഹി :സ്വർണ്ണക്കടത്തുകാരെ സംരക്ഷിക്കുന്നത് കൊടിസുനിയുമായി ബന്ധമുള്ള മാഫിയയാണെന്ന് വി മുരളീധരൻ. സിപിഎമ്മിന്റേത് ജനങ്ങളുടെ ബുദ്ധിശക്തി പരീക്ഷിക്കുന്ന നിലപാടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.കൊടി സുനി സിപിഎമ്മിന്റെ സ്വന്തം ആളാണ്. സിപിഎം തന്നെ ഗുണ്ടാ സംഘങ്ങൾക്കെതിരായും മാഫിയകൾക്കെതിരായും കൊട്ടേഷൻ സംഘങ്ങൾക്കെതിരായും ക്യാമ്പയിൻ നടത്തുക എന്നത് ജനങ്ങളെ ബുദ്ധി ശക്തിയെ വെല്ലുവിളിക്കലാണ്. സിപിഎം അതെല്ലാം അവസാനിപ്പിച്ച് സർക്കാർ, സ്വാധീനത്തിന്റെയും പണത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ എല്ലാവർക്കും നീതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ സുരക്ഷിതത്വമില്ലാത്ത സാഹചര്യമുണ്ടാകുന്നുവെന്നും അത് ഉറപ്പ് വരുത്താത്ത വനിതാ കമ്മിഷൻ തന്നെ സ്ത്രീകളെ അധിക്ഷേപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ആശ്രയമാകുന്നതിനും പകരം അവരെ അധിക്ഷേപിക്കുന്ന സമീപനം എടുക്കുന്ന ഒരു കേന്ദ്ര കമ്മറ്റി അംഗം വനിതാ കമ്മിഷൻ അംഗമാകുക, അതിന് ശേഷം ഇപ്പോൾ സ്ത്രീപക്ഷ കേരളം എന്ന ക്യാമ്പയിൻ സിപിഎം തുടങ്ങുന്നു എന്നതിനേക്കാൾ അപഹാസ്യമായ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ധന വിലവർധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇതേപ്പറ്റി വിശദമായി പിന്നീട് പ്രതികരിക്കാമെന്നായിരുന്നു വി. മുരളീധരൻ പറഞ്ഞു.രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ ജനരോക്ഷം ഉയർന്നിട്ടുണ്ട്. വ്യാപക വിമർശനമുയർന്നിട്ടും നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇന്നും ഇന്ധന വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില 100 കടന്നു. ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 14 തവണയാണ്.