ഇസ്രായേല്‍ ഹമാസ് യുദ്ധം ,ബഹറിൻ ഭരണാധികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ കൂടിക്കാഴ്ച്ച നടത്തി
പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തി ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് സജീവമായി പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചര്‍ച്ച ചെയ്തു.
അബുദാബി| ഇസ്രായേല്‍ പാലസതീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്റൈന്‍ ഡെപ്യൂട്ടി കിംഗ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍.ജിസിസി രാജ്യങ്ങളില്‍ ആന്റണി ബ്ലിങ്കണ്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കാന്‍ പ്രാദേശികവും അന്തര്‍ദേശീയവുമായി ഇടപെടല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത യുഎഇ പ്രസിഡന്റ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൂണ്ടികാട്ടി. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തി ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് സജീവമായി പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചര്‍ച്ച ചെയ്തു.
സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള എല്ലാ പ്രാദേശിക, ആഗോള ശ്രമങ്ങളെയും പിന്‍തുണക്കുന്നതായി ആന്റണി ബ്ലിങ്കനുമായുളള ചര്‍ച്ചയില്‍ ബഹ്‌റൈന്‍ ഡെപ്യൂട്ടി കിംഗ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു. ഗാസ മുനമ്പില്‍ ഭക്ഷണവും വെള്ളവും, ചികില്‍സയും ഉള്‍പ്പെടെയുളള മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടികാട്ടി. ഇതിനൊപ്പം നിരപരാധികളായ ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.
അതേസമയം ഇസ്രയേലിന്‍റെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓര്‍മിപ്പിച്ചു. ഗാസയില്‍ തുടര്‍ സൈനിക നീക്കങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കാനിരിക്കെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.നിരപരാധികളായ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, ചികിത്സ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ യു.എന്നുമായും മറ്റു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ജോ ബൈഡന്‍ അറിയിച്ചു. ഇസ്രയേലിലെ പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികള്‍ക്കും ജോ ബൈഡന്‍ നെതന്യാഹുവിന് പിന്തുണ അറിയിച്ചു. ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ വിവരം വൈറ്റ് ഹൗസാണ് പ്രസ്താവനയായി പുറത്തുവിട്ടത്.
യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗലാന്റുമായും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനിടെ, സൈനിക നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അമേരിക്കയുടെ രണ്ടാമത്തെ യുദ്ധകപ്പൽ ഐസൻഹോവർ ഇസ്രയേലിനടുത്തേക്ക് നീക്കാന്‍ തീരുമാനിച്ചു. നേരത്തെ ജെറാൾഡ് ഫോർഡ് എന്ന യുദ്ധകപ്പൽ ഇസ്രയേലിനടുത്ത് നിലയുറപ്പിച്ചിരുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പലസ്തീൻ അനുകൂല റാലികൾ നടന്നു. ആയിരകണക്കിന് പേർ ഇന്ന് വൈറ്റ് ഹൗസിന് മുമ്പിലും റാലി സംഘടിപ്പിച്ചു. ഇതിനിടെ, പ്രസിഡന്റ് ജോ ബൈഡൻ, പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും ഫോണിൽ സംസാരിച്ചു. മാനുഷിക ഇടനാഴിയടക്കമുള്ള ആവശ്യങ്ങൾ അബ്ബാസ് ഉന്നയിച്ചു.
ഇതിനിടെ പലസ്തീന്‍ ജനതക്ക് യുഎഇ ഭരണകൂടം വീണ്ടും സഹായം പ്രഖ്യാപിച്ചു. 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ മാനുഷിക സഹായം പലസ്തീന് ലഭ്യമാക്കാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. പലസ്തീന് സഹായം എത്തിക്കുന്നതിന് വേണ്ടിയുളള ക്യാമ്പയിന് ഇന്ന് തുടക്കം കറിക്കും. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് വഴിയാകും സഹായം എത്തിക്കുക. പലസ്തീന് രണ്ട് കോടി ഡോളറിന്റെ സഹായം എത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.