ഡി.എ.സി.എ. പ്രോഗ്രാം പുനരാരംഭിക്കണമെന്ന് വീണ്ടും കോടതി ഉത്തരവ്

0

വാഷിംഗ്ടണ്‍ ഡി.സി.: ഒബാമ ഭരണകൂടം തുടങ്ങിവെച്ച ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ്(DACA) പൂര്‍ണ്ണ തോതില്‍ പുനരാരംഭിക്കണമെന്ന് ഡി.ഡി. ഫെഡറള്‍ ജഡ്ജി ജോണ്‍ ബേറ്റ്‌സ് ആഗസ്റ്റ് 3 വെള്ളിയാഴ്ച ഉത്തരവിട്ടു.അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ച മാതാപിതാക്കളോടൊപ്പം എത്തിചേര്‍ന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഡി.എ.സി.എ. പദ്ധതി നിര്‍ത്തലാക്കുന്നതിന് ട്രമ്പ് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ക്ക് വീണ്ടും കനത്ത പ്രഹരമാണ് ഈ ഉത്തരവിലൂടെ ലഭിച്ചത്.

ഈ വിഷയത്തില്‍ കോടതി ഏപ്രില്‍ മാസം പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അപ്പീല്‍ കോടതി തള്ളി. എന്നാല്‍ വിധി നടപ്പാക്കുന്നതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് യു.എസ്. ഗവണ്‍മെന്റിന് ആഗസ്റ്റ് 23 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്.ഡി.എ.സി.എ. പ്രോഗ്രാം പുനരാരംഭിക്കണമെന്ന ആവശ്യം അനുവദിക്കുന്ന മൂന്നാമത്തെ കോടതി വിധിയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

ഡാകാ പദ്ധതിയനുസരിച്ച് മുമ്പ് നല്‍കിയ അപേക്ഷകള്‍ പരിശോധിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഡാകാ പ്രോഗ്രാം അവസാനിപ്പിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ ട്രമ്പ് ഭരണകൂടത്തിന് വിശദീകരിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഡാകാ പദ്ധതി അവസാനിപ്പിച്ചു കൊണ്ടു പുറപ്പെടുവിച്ച ഉത്തരവ് അസാധുവാക്കണമെന്നും കോടതി ഗവണ്‍മെന്റിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

You might also like

-