തട്ടിയെടുത്ത സ്കൂൾ ബസുമായി 11കാരന്റെ സാഹസികയാത്ര, 13 മൈൽ സഞ്ചരിച്ച ബസ്സ്ഒടുവിൽ മരത്തിലിടിച്ചു നിന്നും

താക്കോൽ ആവശ്യമില്ലാത്ത ബട്ടൺ അമർത്തിയാൽ സ്റ്റാർട്ടാകുന്ന സ്കൂൾ ബസാണു പേർ വെളിപ്പെടുത്തിയിട്ടില്ലാത്ത 11കാരൻ തട്ടിയെടുത്തത്

0

ലൂസിയാന ∙ തട്ടിയെടുത്ത സ്കൂൾ ബസ്സുമായി 13 മൈൽ സാഹസിക യാത്ര നടത്തിയ പതിനൊന്നുകാരനെതിരെ ക്രിമിനൽ കേസ്.ഒക്ടോബർ 11 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. താക്കോൽ ആവശ്യമില്ലാത്ത ബട്ടൺ അമർത്തിയാൽ സ്റ്റാർട്ടാകുന്ന സ്കൂൾ ബസാണു പേർ വെളിപ്പെടുത്തിയിട്ടില്ലാത്ത 11കാരൻ തട്ടിയെടുത്തത്. ബാറ്റൻ റഗിലെ സ്ട്രീറ്റിലൂടെ അതിവേഗം വാഹനം ഓടിച്ച കുട്ടി രണ്ടുമൂന്നു വാഹനങ്ങളിൽ ഇടിച്ചതിനു ശേഷം റോഡിനു വശത്തുള്ള മരത്തിൽ ഇടിച്ചാണ് സാഹസിക യാത്ര അവസാനിപ്പിച്ചത്.

ബസിനു പിറകിൽ പന്ത്രണ്ടോളം പൊലീസു വാഹനങ്ങൾ പിന്തുടർന്നിരുന്നു. പൊലീസു വാഹനത്തെ മറികടന്ന സ്കൂൾ ബസിലിരുന്ന പതിനൊന്നുകാരൻ നടുവിരൽ ചൂണ്ടി പൊലീസിനെ പരിഹസിച്ചിരുന്നു. ബസ് ഓടിക്കുന്നതിന് ആക്സിലേറ്ററിൽ ചവിട്ടണമെങ്കിൽ കുട്ടിക്ക് നിന്നാൽ മാത്രമേ കഴിയൂ എന്ന് അധികൃതർ പറഞ്ഞു. ഏതു സാഹചര്യമാണു ബസ് തട്ടിയെടുക്കാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല.– അധികൃതർ പറഞ്ഞു.

ബസ് മരത്തിലിടിച്ചു നിന്നതോടെ പൊലീസുകാർ കുട്ടിയെ കസ്റ്റഡിയിലെടുത്തു. ബാറ്റൻ റഗ്ഗ് ജുവനയ്ൽ ഡിറ്റൻഷൻ സെന്ററിലടച്ച പതിനൊന്നുകാരൻ, വാഹനം തട്ടിയെടുക്കൽ, വസ്തുവകകൾക്ക് നഷ്ടം വരുത്തൽ, മനപൂർവ്വം മൂന്നു വാഹനങ്ങൾക്ക് കേടുവരുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് വിചാരണ നേരിടേണ്ടി വരും. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈനറാണെങ്കിലും ജയിൽ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്