അമ്മയ്‌ക്കൊപ്പമല്ല, ഇരയ്‌ക്കൊപ്പമാണ് താനെന്ന് ദിലീഷ് പോത്തന്‍
ഒരു ലക്ഷത്തിലധികം മെമ്പര്‍ഷിപ്പ് ഫീസും തുടര്‍ന്ന് വന്‍ വരിസംഖ്യയും നല്‍കി 'അമ്മ'യില്‍ അംഗമാകാന്‍ താത്പര്യമില്ലെന്നും, അംഗത്വമില്ലാതെ തന്നെ ഫിലിം ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനുകുമെന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി
ഡാളസ്:കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുപോലും ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദിലീപ് കേസില്‍ താരസംഘടനയായ ‘അമ്മ’ സ്വീകരിച്ച നിലപാടുകള്‍ പ്രതിക്ഷേധാര്‍ഹമാണെന്നും , സംഭവത്തില്‍ പീഡനം അനുഭവിക്കേണ്ടിവന്ന നടിക്കൊപ്പമാണ് താനുള്‍പ്പടെ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന പല പ്രമുഖരുമെന്നു സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം മെമ്പര്‍ഷിപ്പ് ഫീസും തുടര്‍ന്ന് വന്‍ വരിസംഖ്യയും നല്‍കി ‘അമ്മ’യില്‍ അംഗമാകാന്‍ താത്പര്യമില്ലെന്നും, അംഗത്വമില്ലാതെ തന്നെ ഫിലിം ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനുകുമെന്നും അനുഭവങ്ങളുടെവെളിച്ചത്തില്‍ ദിലീഷ് പറഞ്ഞു.
കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14-ന് ശനിയാഴ്ച വൈകിട്ട് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പത്തു വര്‍ഷത്തിനുള്ളില്‍ വന്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കാനായത് പ്രവര്‍ത്തനരംഗത്ത് പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും സത്യസന്ധതയും കൊണ്ടായിരുന്നുവെന്നും, തുടര്‍ന്നു നിര്‍മ്മാണ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പോത്തന്‍ പറഞ്ഞു.
കേരള അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത്, സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, സംഘാടകന്‍ അനശ്വര്‍ മാമ്പിള്ളി, രാജന്‍ ചിറ്റാര്‍, ഉണ്ണി പേരേത്ത്, അബ്രഹാം തോമസ്, മീനു എലിസബത്ത്, സണ്ണി മാളിയേക്കല്‍, ജെ.പി. ജോണ്‍, ജിജി സ്‌കറിയ, മനോജ്, അനുപമ സാം, ഫ്രാന്‍സീസ് തോട്ടത്തില്‍, ദീപക് നായര്‍, ഹരിദാസ്, ദീപക് ഡാനി, ഷാജി, ജോണ്‍, രഞ്ജിത്ത്, മനോജ് പിള്ള, സുരേഷ് അച്യുതന്‍, ജെയ്‌സണ്‍ ആലപ്പാടന്‍, ജോ കൈതമറ്റം, ജോയ് ആന്റണി, സെബാസ്റ്റ്യന്‍ പ്രാക്കുശി തുടങ്ങിയവര്‍ പ്രസംഗിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.