അമേരിക്ക കൈവരിച്ച നേട്ടങ്ങള്‍ ഡമോക്രാറ്റുകളെ വിറളി പിടിപ്പിക്കുന്നതായി ട്രമ്പ്

2020 പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലാന്റ് സ്ലൈഡ് വിക്ടറി നേടിയെടുക്കുമെന്നും ട്രമ്പ് പറഞ്ഞു

0

ഡാളസ്: മൂന്നു വര്‍ഷത്തിനുള്ളില്‍ അമേരിക്ക ആഭ്യന്തര തലത്തിലും, അന്താരാഷ്ട്രതലത്തിലും കൈവരിച്ച നേട്ടങ്ങള്‍ ഡമോക്രാറ്റുകളെ വിറളി പിടിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പറഞ്ഞു. ഒക്‌ടോബര്‍ 17-നു ഡാളസ് അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററില്‍ സംഘടിപ്പിച്ച വമ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു പ്രസിഡന്റ്.
ടെക്‌സസില്‍ മാത്രമല്ല രാജ്യത്താകമാനം 2020 പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലാന്റ് സ്ലൈഡ് വിക്ടറി നേടിയെടുക്കുമെന്നും ട്രമ്പ് പറഞ്ഞു.
2016-ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പും താന്‍ അധികാരത്തില്‍ എത്തിയതിനുശേഷവും സ്വസ്ഥമായി ഭരിക്കാൻ ഒരിക്കല്‍പോലും അവസരം നല്‍കാതെ അന്വേഷണങ്ങളും, ആരോപണങ്ങളും ഉയര്‍ത്തി സമയം നഷ്ടപ്പെടുത്തുകയാണ് ഡമോക്രാറ്റിക് പാര്‍ട്ടിയും, പ്രത്യേകിച്ച് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും ചെയ്തുകൊണ്ടിരിക്കുന്നതെന്നു ട്രമ്പ് ആരോപിച്ചു. അമേരിക്കന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിനു നടത്തുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശ്രമങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ട്രമ്പ് അഭ്യര്‍ത്ഥിച്ചു.
ജോ ബൈഡനും മകനും, യുക്രെയിനും ചൈനയും തമ്മില്‍ രഹസ്യ വ്യാപാരബന്ധം ഉണ്ടായിക്കയതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതിനെ ട്രമ്പ് ന്യായീകരിച്ചു. ഇതില്‍ യാതൊരു ഭരണഘടനാ ലംഘനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ തന്നെ ഇംപീച്ച്‌മെന്റ് നടത്തുന്നതിനുള്ള നാന്‍സി പെലോസിയുടെ നീക്കത്തെ കണക്കിനു പരിഹസിക്കുന്നതിനും ട്രമ്പ് സമയമെടുത്തു.

മതസ്വാതന്ത്ര്യവും, ഫ്രീഡം ഓഫ് സ്പീച്ചും കാത്തുസൂക്ഷിക്കുന്നതിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിജ്ഞാബന്ധമാണെന്നും ട്രമ്പ് പറഞ്ഞു.
20,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞു കവിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നതിനാല്‍ വൈകിട്ട് 7 മണിക്ക് ആരംഭിക്കേണ്ട പ്രസംഗം നാല്‍പ്പതു മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. തൊണ്ണൂറു മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ അമേരിക്ക തൊഴില്‍ മേഖലയിലും, കാര്‍ഷിക രംഗത്തും, പ്രതിരോധ രംഗത്തും കൈവരിച്ച നേട്ടങ്ങള്‍ ട്രമ്പ് ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ട്രമ്പിന്റെ പ്രസംഗം ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്‌സസിന്റെ വളര്‍ച്ചയില്‍ ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് ആവശ്യപ്പെട്ടതെല്ലാം താന്‍ അനുവദിച്ചതായി ട്രമ്പ് പറഞ്ഞു. ഹൂസ്റ്റണില്‍ ഉണ്ടായ വെള്ളപ്പൊക്ക കെടുതി നേരിടുന്നതിനു വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്ന് ചെയ്യാവുന്നതെല്ലാം ചെയ്തതായി ട്രമ്പ് അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് സിറിയയില്‍ നിന്നും അമേരിക്കന്‍ സൈനീകരെ പിന്‍വലിച്ചത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണെന്നും, എത്രയും വേഗം അവിടെ സമാധാനം പുനസ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രമ്പ് പറഞ്ഞു.
മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ നിരോധിക്കുന്നതിനും, ചര്‍ച്ചുകള്‍ക്കും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ടാക്‌സ് ഒഴിവാക്കുന്നതിനും പ്രത്യേക പരിഗണന നല്‍കുമെന്നും ട്രമ്പ് പറഞ്ഞു.
ട്രമ്പ് അമേരിക്കന്‍ എയര്‍ലൈന്‍ സ്റ്റേഡിയത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ടെക്‌സസില്‍ നിന്നുള്ള ബെറ്റോ ഒ റൂര്‍ക്കെ ഗ്രാന്റ് പ്രറേറിയയില്‍ മറ്റൊരു പ്രതിക്ഷേധ റാലിയും സംഘടിപ്പിച്ചിരുന്നു.

You might also like

-