പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ ഇനിയും പ്രതികളെ പിടികൂടാനാകാതെ ക്രൈം ബ്രാഞ്ച്

യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതിയാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുക്കുന്നത്

0

തിരുവനന്തപുരം: പിഎസ്‍സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ക്രമക്കേടിൽ കേസെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ ക്രൈം ബ്രാഞ്ച്. പിഎസ്‍സി പരീക്ഷ പേപ്പർ ചോർത്തി മുൻ എസ്എഫ്ഐ നേതാക്കള്‍ക്ക് എസ്എംഎസ് മുഖേന ഉത്തരമയച്ച പൊലീസുകാരുനുള്‍പ്പെടെയുള്ള മുഖ്യപ്രതികളാണ് തെളിവുകളുമായി മുങ്ങിയിരിക്കുന്നത്. ഗൂഡാലോചന, വഞ്ചന തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതിയാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുക്കുന്നത്. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകള്‍ അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.

ചോദ്യപേപ്പർ ചോർത്തി എസ്എംഎസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാകണം. പക്ഷെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് മൊബൈൽ ഫോണിൽ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്.

മുഖ്യ ആസൂത്രകനായ ഗോകുലും ഒളിവിലാണ്. മറ്റ് രണ്ട് പ്രതികള്‍ യൂണിവേഴ്സിറ്റി കോളേജ് കത്തികുത്ത് കേസിൽ റിമാൻഡിലാണ്. ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകള്‍ കണ്ടെത്തുക ഏറെ നിർണായകമാണ്. ഈ ഫോണുകളിൽ നിന്നാണ് ഫൊറൻസിക് പരിശോധനയിലൂടെ പ്രധാനതെളിവുകള്‍ കണ്ടെത്തേണ്ടത്. അറസ്റ്റ് നീണ്ടുപോകുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നു പ്രതികളുടെ വീടുകളിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്തിയില്ല.പരീക്ഷ ക്രമക്കേട് ആദ്യം കണ്ടെത്തിയത് പിഎസ്‍സി വിജിലൻസാണ്. രഹസ്യമായി വിവരം പൊലീസിന് കൈമാറി കേസെടുത്ത് പ്രതികളെ കൈയ്യോടെ പിടികൂടുന്നതിന് പകരം വിവരം പുറത്തായതും പ്രതികള്‍ക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി. പരീക്ഷ ഹാളിനുള്ളിലും പ്രതികള്‍ മൊബൈലോ സ്മാർട്ട് വാച്ചോ ഉപയോഗിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പരീക്ഷ ചുമതലുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും കണ്ടെത്തേണ്ടതുണ്ട്.

You might also like

-