നമസ്തേ ഇന്ത്യ…അധോലോക കുറ്റവാളി രവി പൂജാരി ഒളിവിൽ കഴിഞ്ഞത് നാലിലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ

സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കം അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

0

ബംഗളുരു: കൊച്ചിയിലെ ബ്യുട്ടിപാർലർ വെടിവെപ്പ് കേസിൽ പോലീസ് തിരയുന്ന അധോലോക കുറ്റവാളി രവി പൂജാരി ഒളിവിൽ കഴിഞ്ഞത് നാലിലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ. ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി ഒളിവില്‍ കഴിയുന്നതിനിടയിലാണ് പൂജാരി പിടിയിലായത്. സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വെച്ച് സെനഗൽ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഭാര്യക്കും കുട്ടികൾക്കുമൊപ്പം ഇയാള്‍ ഒളിവിൽ കഴിഞ്ഞത് ആന്റണി ഫെർണാണ്ടസ് എന്ന പേരിലായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്

കഴിഞ്ഞ മാസം പത്തൊമ്പതിനാണ് സെനഗലിൽ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇയാളെ വിട്ടുകിട്ടാനുളള ശ്രമം വിദേശകാര്യ മന്ത്രാലയം തുടരുന്നതിനിടെ പൂജാരിയെ വിട്ടുനല്‍കാന്‍ തയ്യാറെന്നു സെനഗൽ ഇന്ത്യയെ അറിയിച്ചു. ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗലിലും ബുർക്കിന ഫാസോയിലുമായി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗൽ എംബസിക്ക് വിവരം നൽകിയിരുന്നു. തുടർന്നാണ് അറസ്റ്റുണ്ടായതെന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു.സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കം അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസുകളും ഇയാളെ തേടിക്കൊണ്ടിരുന്നു. അടുത്തിടെ കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ അന്വേഷണവും പൂജാരിയിലേക്ക് എത്തി. ഇയാളുടെ രണ്ട് സഹായികളെ കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് പിടികൂടിയിരുന്നു. വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിനായിരുന്നു ഇത്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പൂജാരിയെ വിട്ട് കിട്ടാന്‍ മുംബൈ, ഗുജാറാത്ത് പൊലീസും ശ്രമം നടത്തുന്നുണ്ട്. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളും പൂജാരിക്ക് എതിരെ മുംബൈ പൊലീസില്‍ പരാതികൾ നൽകിയിരുന്നു. കൂടാതെ മനുഷ്യക്കടത്ത് അടക്കം നിരവധി കേസുകളിൽ മുംബൈ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് പൂജാരി. ഗുജറാത്തിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെ ഭീഷണിപ്പെടുത്തിയ കേസിലും കേസുകൾ നിലവിലുണ്ട്. രാജ്യത്ത് അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൂജാരി.

You might also like

-