അന്താരാഷ്ട്ര സമ്മർദ്ദം , യുക്രൈനിലെ മരിയുപോള്‍ നഗരപരിധിയില്‍ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു
സ്വകാര്യ വാഹനങ്ങളിലും നഗരം വിടാം. ആളുകളെ ഒഴിപ്പിച്ച് പോകുന്ന ബസുകളുടെ പിറകിൽ മാത്രമേ പോകാൻ പാടുള്ളൂ. നേരത്തെ നിശ്ചയിച്ചത് പോലെ സപ്രോഷ്യയിൽ അവസാനിക്കുന്ന പാതയാണ് പിന്തുടരണ്ടത്. ഇന്നലെയും റഷ്യ ഭാഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ധാരണ ലംഘിച്ച് മരിയുപോളിൽ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈന്‍ വ്യക്തമാക്കിയിരുന്നു.
കീവ് | യുക്രൈനിലെ മരിയുപോള്‍ നഗരപരിധിയില്‍ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. പതിനൊന്ന് മണിക്കൂറത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം 1.30 മുതൽ പുലർച്ചെ 12.30 വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇന്ത്യൻ സമയം 3.30 മുതൽ ആളുകളെ ഒഴിപ്പിക്കൽ തുടങ്ങും. മരിയുപോളിലെ മൂന്നിടത്ത് നിന്നും ആളുകളുമായി ബസുകൾ പുറപ്പെടും. സ്വകാര്യ വാഹനങ്ങളിലും നഗരം വിടാം. ആളുകളെ ഒഴിപ്പിച്ച് പോകുന്ന ബസുകളുടെ പിറകിൽ മാത്രമേ പോകാൻ പാടുള്ളൂ. നേരത്തെ നിശ്ചയിച്ചത് പോലെ സപ്രോഷ്യയിൽ അവസാനിക്കുന്ന പാതയാണ് പിന്തുടരണ്ടത്. ഇന്നലെയും റഷ്യ ഭാഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ധാരണ ലംഘിച്ച് മരിയുപോളിൽ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനങ്ങളെ യുക്രൈന്‍ മനുഷ്യകവചമാക്കുന്നുവെന്നായിരുന്നു റഷ്യയുടെ ആരോപണം.
അതേസമയം സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിൽ എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി. 700 പേര്‍ സുമിയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. സുരക്ഷ ആശങ്കയായി തുടരുമ്പോള്‍ ഇവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കാര്‍കീവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ സുമിയിലെ രക്ഷാദൗത്യം തുടങ്ങാമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക് കൂട്ടല്‍. കുടുങ്ങി കിടക്കുന്ന എല്ലാവരെയും ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ചു. ഒഴിപ്പിക്കല്‍ തുടങ്ങും വരെ വിദേശകാര്യ മന്ത്രാലയം നൽകിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടികൾ വൈകുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എംബസിയുടെ വിശദീകരണം.