സംസ്ഥാനത്തെ ഞെരുക്കി തോൽപ്പിച്ചു കളയാമെന്ന മനോഭാവമാണ് കേന്ദ്രത്തി ന് കേന്ദ്രത്തിന് കുടപിടിക്കുന്ന സമീപനമാണ് യുഡിഎഫിന്റേത് : മുഖ്യമന്ത്രി

രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അക്കാര്യം പ്രതിപക്ഷം ഓർക്കുന്നത് നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. റിലയൻസിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്തു മന്ത്രിമാരെ വരെ മാറ്റിയ പാർട്ടി ആണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു

0

തിരുവനന്തപുരം| ഇന്ധന സെസ് ഉയർത്തിയത് അടക്കമുളള നികുതി വർധനവിനെ ന്യായികരിസിച്ചും ഇതിനെതിരായി സമരം ചെയ്യുന്ന പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അക്കാര്യം പ്രതിപക്ഷം ഓർക്കുന്നത് നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു.
റിലയൻസിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്തു മന്ത്രിമാരെ വരെ മാറ്റിയ പാർട്ടി ആണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015 ലെ ബജറ്റിൽ യുഡിഎഫ് സർക്കാർ 1 രൂപ അധിക നികുതി ഏർപ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്. സെസ് ഏർപെടുത്തേണ്ടി വന്ന സാഹചര്യം സഭയിൽ വിശദീകരിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം.
സമരത്തിൽ കോൺഗ്രസിനൊപ്പം ബിജെപിയുണ്ടെന്നത് വിചിത്രമാണ്. പെട്രോൾ – ഡീസൽ വില കുത്തകകൾക്ക് അധികാരം നൽകിയവരാണ് സമരം നടത്തുന്നത്. യുഡിഎഫ്ഫും ബിജെപിയും നടത്തുന്ന സമര കോലാഹലങ്ങൾ ജനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ കടം 2020-21 കാലത്ത് സംസ്ഥാന ജിഡിപിയുടെ 38.51 ശതമാനമായിരുന്നു ആകെ കടം. 2021-22 ൽ അത് 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്റെ കുറവുണ്ടായി. 2022-23 ലെ കണക്ക് പ്രകാരം ഇത് 36.38 ശതമാനമായി. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം ഈ സാമ്പത്തിക വർഷത്തിൽ 36.05 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2.46 ശതമാനം കുറവ് ഈ കാലത്തുണ്ടായി.

കൊവിഡ് കാലത്ത് സർക്കാരിന് അധിക ചെലവുണ്ടായി. സാമ്പത്തിക രംഗത്ത് തളർച്ചയുണ്ടായിരുന്നു. ആ സാഹചര്യത്തിൽ കടം വർധിച്ചത് സ്വാഭാവികമാണ്. അത് കേരളത്തിൽ മാത്രമല്ല. അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഉണ്ടായി. ജനജീവിതം ദുരിതമാകുമ്പോൾ വരുമാനം നിലയ്ക്കുമ്പോൾ അസാധാരണ സാമ്പത്തിക സാഹചര്യമാവും. അതാണ് കൊവിഡ് കാലത്ത് ഇവിടെ ഉണ്ടായത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 30-31 ശതമാനത്തിൽ നിന്ന് 38.5 ശതമാനത്തിലേക്ക് ഉയർന്നത്. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ കേരളമടക്കം സംസ്ഥാനങ്ങൾക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ് ഇതിന് കാരണം. ഇടത് സർക്കാരിന്റെ സമ്മർദ്ദം ഇതിന് പിന്നിലുണ്ടായിരുന്നു.

കേരളത്തിന്റെ കടം കുതിച്ചുയരുന്നില്ല. 2020-21 സാമ്പത്തിക വർഷത്തിൽ 13 ശതമാനം കടത്തിന്റെ വളർച്ച കുറഞ്ഞു. 2022-23 കാലത്ത് 10.03 ശതമാനം വളർച്ച കുറഞ്ഞു. 2023-24 കാലത്ത് 10.21 ശതമാനമായി കടത്തിന്റെ വളർച്ച കുറയും. ഇത് കടക്കെണിയുടെ ലക്ഷണമല്ല. സംസാരിക്കുന്ന കണക്കുകൾ വസ്തുതകളെ തുറന്നുകാട്ടും. ഈ സർക്കാർ കാലത്ത് തനത് വരുമാനം വാർഷിക വളർച്ച 20 ശതമാനത്തിലധികമാണ്. ജിഎസ്ടി വളർച്ചാ നിരക്ക് 2021-22 ൽ 20.68 ശതമാനമാണ്. 2022-23 ൽ ജിഎസ്ടി വരുമാന വളർച്ച 25.11 ശതമാനമാണ്. ഇത് നികുതി ഭരണ രംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാനത്തിന്റെ മൂലധന ചെലവിലെ ഇടപെടലും കാരണം ഉയർന്നതാണ്. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രചാരണം തീർത്തും അസംബന്ധമാണ്.

സംസ്ഥാനം കിഫ്ബിയിലൂടെ നടത്തുന്ന വികസനം കേരളത്തിൽ എല്ലായിടത്തുമാണ്. യുഡിഎഫ് അംഗങ്ങളുടെ മണ്ഡലത്തിലടക്കം വികസനം നടത്തുന്നു. ഇതെല്ലാം മറച്ചുവെച്ച് സംസ്ഥാനത്തിനും കിഫ്ബിക്കുമെതിരെ പ്രചാരണം നടത്തുന്നു. നിത്യച്ചെലവിന് കടമെടുക്കുന്നെന്ന് ആവർത്തിച്ച് പറയുന്നു. വിദ്യാഭ്യാസ – ആരോഗ്യ ഗ്രാമവികസന ജലസേചന മേഖലകളിൽ സംസ്ഥാനം ചെലവഴിക്കുന്ന തുക സാമ്പത്തിക വളർച്ചയെ സഹായിക്കും. ശമ്പളവും പെൻഷനും നൽകാൻ സംസ്ഥാനം കടമെടുക്കുന്നില്ല. 2021-22 ൽ റവന്യു വരുമാനത്തിൽ 61 ശതമാനത്തിലധികമായിരുന്നു. 2022-23 ൽ 50 ശതമാനമായി ഇത് കുറഞ്ഞു. 2023-24 ൽ ഇത് 50.4 ശതമാനമായിരിക്കും. ശമ്പളവും പെൻഷനും വാങ്ങാൻ കേരളത്തിന് കടം വാങ്ങേണ്ടതില്ല. വരുമാനത്തിന്റെ ഗണ്യമായ ഭാഗം ഉപയോഗിക്കുന്നത് വികസന പ്രവർത്തനത്തിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന ചെലവ് ധൂർത്താണെന്നു ആരെങ്കിലും പറയുമോ?

പ്രതിപക്ഷ സമരം നാടിന് ഗുണകരമായ കര്യമല്ല. നമ്മുടെ രാജ്യത്ത് വളർച്ചാ നിരക്ക് ഉയർന്ന നിലയിലാണ്. അതിന്റെ 1.4 ഇരട്ടിയാണ് കേരളത്തിലെ 2021-22 ലെ 12 ശതമാനം. സർക്കാർ വകുപ്പുകളുടെ പങ്ക് കുറച്ച് കാണരുത്. മൂലധന ചെലവും വികസന ചെലവും ധൂർത്തല്ല. അങ്ങിനെ ചിത്രീകരിക്കുന്നത് ആശാസ്യമല്ല. സങ്കുചിത രാഷ്ട്രീയം വെച്ച് ഏത് വിധേനയും സർക്കാരിനെ താറടിക്കാനാണ് ശ്രമം.

ബജറ്റ് കണക്ക് കാരണം റവന്യൂ ചെലവ് എസ്റ്റിമേറ്റ് 1.54 ലക്ഷം കോടി രൂപയാണ്. മന്ത്രിമാർക്കും മറ്റുമുള്ള ചെലവ് 0.008 ശതമാനമാണ്. ഇക്കാര്യത്തിൽ ഒരു ധൂർത്തും കണക്കുകൾ തെളിയിക്കുന്നില്ല. ഇത്തരം നുണകൾക്കുള്ള മറുപടി സംസാരിക്കുന്ന കണക്കുകളും വസ്തുതകളുമാണ്. അവ ശരിയായ രീതിയിൽ വിലയിരുത്തണം. കേന്ദ്രസർക്കാരിന്റെ അസമത്വ നയങ്ങളെ പ്രതിപക്ഷം പിന്തുണക്കുകയാണ്. കേരളത്തിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം 75 ശതമാനത്തിൽ നിന്ന് 60 ആക്കി കുറച്ചു. ഇത് സംസ്ഥാനങ്ങൾക്ക് അധിക ബാധ്യതയായി. കേന്ദ്ര നികുതി വിഹിതം വെട്ടി കുറച്ചു. 17820 കോടിയാണ് 2021-22 കാലത്ത് ലഭിച്ചത്. 2022-23 കാലത്ത് 17804 കോടി രൂപയായി ഇത് കുറഞ്ഞു. ഇതൊന്നും പ്രതിപക്ഷം കാണുന്നില്ലേ? പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുകയാണ് ബിജെപി സർക്കാർ. കിഫ്ബി യ്ക്ക് പണം വകയിരുത്തിയില്ലെന്നാണ് ചിലരുടെ കോലാഹലം. കിഫ്ബി അപ്രസക്തമായി എന്ന പ്രതിപക്ഷത്തിന്റെ വാദം അസംബന്ധമാണ്. കിഫ്ബിയുടെ വായ്പ സംസ്ഥാന കട പരിതിയിൽ പെടുത്തിയെന്നാണ് വാദം. കിഫ്ബിയോട് എന്തിനാണ് ഇത്ര അസഹിഷ്ണുത. കിഫ്ബിക്ക് പണം വകയിരുത്തിയിട്ടില്ലെന്നാണ് ആരോപണം. സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ ചില നികുതി പരിഷ്ക്കാരങ്ങൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-