പാലായിൽ പ്രതീക്ഷ കൈവിട്ട് യുഡിഎഫ് ജോസഫിനെ അനുനയിപ്പിക്കാന്‍ നീക്കം പരാജയം
കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന കടുത്ത വിമര്‍ശനവും യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലേക്ക് എത്തിയ ജോസഫിന് നേരെ കൂവി വിളിച്ചതും വലിയ പ്രതിഷേധമാണ് ജോസഫ് വിഭാഗം നേതാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളത്.
ജോസ് കെ മാണിയുടെ ലക്‌ഷ്യം തർക്കമാണോ ? തെരെഞ്ഞെടുപ്പ് വിജയമാണോ ലക്ഷ്യമെന്ന് വ്യക്തമാക്കണം പിജെ ജോസഫ്
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലെത്തുമ്പോഴും ഇടഞ്ഞ് നില്‍ക്കുന്ന ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിനായില്ല. ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് ഉപസമിതി ഇന്നലെ അനുനയ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചര്‍ച്ച പിന്നീട് മാറ്റിവച്ചു. വിദേശത്തായിരുന്ന ബെന്നി ബെഹനാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവച്ചതെന്നാണ് വിശദീകരണം. ചര്‍ച്ച ഇന്ന് നടന്നേക്കും.
യുഡിഎഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ മാത്രമേ ചര്‍ച്ച നടത്തൂവെന്ന് പിജെ ജോസഫ് വിഭാഗം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ചര്‍ച്ച നടന്നാലും വിഷയത്തില്‍ ഏകപക്ഷീയമായ വിട്ടുവീഴ്ച വേണ്ടതില്ലെന്നാണ് പി ജെ ജോസഫ് വിഭാഗത്തിലെ ധാരണ.
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇരുവിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസിനും യുഡിഎഫ് നേതൃത്വത്തിനും പൊതുവെ ഉള്ളത്. എന്നാല്‍ കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന കടുത്ത വിമര്‍ശനവും യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലേക്ക് എത്തിയ ജോസഫിന് നേരെ കൂവി വിളിച്ചതും വലിയ പ്രതിഷേധമാണ് ജോസഫ് വിഭാഗം നേതാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളത്.
ഈ സംഭവങ്ങളില്‍ ജോസ് കെ മാണി പക്ഷം ഖേദം പ്രകടിപ്പിക്കുകയും തിരുത്തുകയും വേണം എന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ പ്രചാരണ രംഗത്ത് നിന്ന് വിട്ട് നില്‍ക്കുമെന്ന മുന്നറിയിപ്പാണ് ജോസഫ് വിഭാഗം നല്‍കുന്നത്.
ഇതോടെ ഈ സംഭവങ്ങളില്‍ ജോസഫിനോട് ഖേദം രേഖപ്പെടുത്തി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രചാരണ രംഗത്തുനിന്നും വിട്ടു നില്‍ക്കാനുള്ള ജോസഫിന്റെ തീരുമാനം തിരിച്ചടിയാവുമെന്ന് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നു. പ്രചാരണരംഗത്തെ പിന്നാക്കം പോക്കും ജോസഫിന്റെ ഉടക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് യുഡിഎഫ് നേതൃത്വം കരുതുന്നു. ഇതോടെ യുഡിഎഫ് പ്രചാരണ വേദികളില്‍ ജോസഫിനെ എത്തിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നേതൃത്വം നടത്തുന്നത്. പി ജെ ജോസഫ് നിയോഗിച്ച മോന്‍സ് ജോസഫ്, ജോയി എബ്രഹാം എന്നിവരുമായാണ് യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തുക. ചര്‍ച്ചയില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.