മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേറ്റു

1966ല്‍ ബാല്‍താക്കറെ ശിവസേന രൂപീകരണ പ്രഖ്യാപനം നടത്തിയ അതേ ശിവാജി പാര്‍ക്കില്‍ വച്ച് ഇത്രയും കാലം ശത്രുമായി കണ്ട കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറുന്നു എന്നതും ശ്രദ്ധേയം

0

മുംബൈ :മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്‍തു. ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്‍തു.ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.1966ല്‍ ബാല്‍താക്കറെ ശിവസേന രൂപീകരണ പ്രഖ്യാപനം നടത്തിയ അതേ ശിവാജി പാര്‍ക്കില്‍ വച്ച് ഇത്രയും കാലം ശത്രുമായി കണ്ട കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറുന്നു എന്നതും ശ്രദ്ധേയം.

മുഖ്യമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തലവന്‍മാര്‍, നേതാക്കള്‍ തുടങ്ങി നിരവധി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി.മഹാ വികാസ് അഗാഡിയിലെ സഖ്യകക്ഷികളായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് രണ്ട് വീതം അംഗങ്ങളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ഛഗ്ഗന്‍ ഭുജ്ബാല്‍, കോണ്‍ഗ്രസില്‍ നിന്ന് ബാലാസാഹെബ് തൊറാത്ത്, നിതിന്‍ റാവുത്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.ഡിസംബര്‍ 3ന് മുന്‍പായി ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കണം

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, എം.എന്‍.എസ് നേതാവ് രാജ് താക്കറെ, ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിന്‍, ടി.ആര്‍. ബാലു, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. റിലയന്‍സ് ഗ്രൂപ് മേധാവി മുകേഷ് അംബാനി കുടുംബസമേതം ചടങ്ങിനെത്തി.താക്കറെ കുടുംബത്തില്‍ നിന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ്. സത്യപ്രതിജ്ഞക്ക് ശേഷം രാത്രി എട്ടിന് ആദ്യത്തെ മന്ത്രിസഭാ യോഗം ചേരും.

ഉദ്ധവ് താക്കറെയുടെ ശിവാജി പാര്‍ക്കിലെ സത്യപ്രതിജ്ഞക്ക് പ്രത്യേകതകള്‍ ഏറെയാണ്. 20 വര്‍ഷത്തിന് ശേഷം അധികാരത്തിലെത്തുന്ന ശിവസേന നേതാവ്. മഹാരാഷ്ട്രയിലെ പ്രമുഖ കുടുംബമായ താക്കറെ കുടുംബത്തില്‍ നിന്നും അധികാര കസേരയിലെത്തുന്ന ആദ്യ വ്യക്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി ആദിത്യ താക്കറെ ഇറങ്ങുമ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് പിതാവായ ഉദ്ധവ് താക്കറെ എത്തിയതും അവിചാരിതം. പിതാവായ ബാല്‍ താക്കറെക്ക് നല്‍കിയ വാക്ക് തന്നിലൂടെ തന്നെ നിറവേറ്റുകയാണ് ഉദ്ധവ് താക്കറേ

You might also like

-