കശ്മീർ പ്രശ്നം; ഇന്ത്യ പാക് സംഘർഷം കുറക്കാൻ നയതന്ത്ര ചർച്ചകളുമായി സൗദിയും യു.എ.ഇയും
ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയുടെ പ്രധാന അംഗങ്ങൾ എന്ന നിലക്കാണ് ഇരു രാജ്യങ്ങളുടെയും രംഗപ്രവേശം
ദുബായ് :കശ്മീർ പ്രശ്നത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ രൂപപ്പെട്ട സംഘർഷം കുറക്കാൻ നയതന്ത്ര ചർച്ചകളുമായി സൗദിയും യു.എ.ഇയും. ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയുടെ പ്രധാന അംഗങ്ങൾ എന്ന നിലക്കാണ് ഇരു രാജ്യങ്ങളുടെയും രംഗപ്രവേശം. ഉഭയകക്ഷി ചർച്ചകളിലൂടെ ഇന്ത്യയും പാകിസ്താനും പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങണം എന്നാണ് ഒ.ഐ.സി നിലപാട്.
സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജൂബൈർ, യു.എ.ഇ വിദേശകാര്യ, അന്തർദേശീയ സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ കഴിഞ്ഞ ദിവസം പാകിസ്താനിലെത്തി സ്ഥിതിഗതികൾ ചർച്ച ചെയ്തു. മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളാണ് പാക് നേതാക്കളുമായി ചർച്ച ചെയ്തതെന്ന് സൗദി, യു.എ.ഇ നേതൃത്വം വ്യക്തമാക്കി. ആണവ ശക്തികളായ ഇന്ത്യയും പാകിസ്താനും തമ്മിലെ പ്രശ്നങ്ങൾക്ക് എത്രയും എളുപ്പത്തിൽ പരിഹാരം ഉണ്ടാകണമെന്ന അഭിപ്രായമാണ് സൗദിയും യു.എ.ഇയും പ്രകടിപ്പിച്ചത്. അതിർത്തിയിൽ പുകയുന്ന സംഘർഷം ആപൽക്കരമായ രീതിയിലേക്ക് മാറരുതെന്നും ഈ രാജ്യങ്ങൾ അഭിലഷിക്കുന്നു. ഇന്ത്യയുമായും അനൗപചാരിക ചർച്ചകൾ തുടരുന്നുണ്ട്. കശ്മീർ ആഭ്യന്തര സമസ്യയാണെന്നും പുറം രാജ്യങ്ങളുടെ ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. പാകിസ്താനുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ നേരത്തെ തന്നെ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
കശ്മീരിനെ വിഭജിക്കാനും പ്രത്യേകാധികാരം പിൻവലിക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് പാകിസ്താൻ ഒ.ഐ.സി നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഇന്ത്യയുമായി ചർച്ചകളിലൂടെ പ്രശ്നപരിഹാരം രൂപപ്പെടുത്തണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഒ.ഐ.സിയിലെ ഭൂരിഭാഗം രാജ്യങ്ങളും. ഗൾഫ് രാജ്യങ്ങളുമായി അടുത്ത കാലത്ത് മികച്ച നയന്ത്ര ബന്ധമാണ് ഇന്ത്യ രൂപപ്പെടുത്തിയത്. അതുകൊണ്ടു തന്നെ കശ്മീർ പ്രശ്നത്തിൽ തങ്ങളുടെ നയനിലപാടുകളിലേക്ക് ഈ രാജ്യങ്ങളെ കൊണ്ടു വരാൻ എളുപ്പം സാധിക്കും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര നേതൃത്വം.