സ്വർണ്ണം അയച്ചത്  ആരെന്നു കണ്ടെത്താൻ   യു എ ഇ  സർക്കാർ  അന്വേഷണം ആരംഭിച്ചു 

ഗുരുതരമായ കുറ്റം ചെയ്യുകയും ഇന്ത്യയിലെ യുഎഇ മിഷന്റെ യശ്ശസിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുമെന്നും എംബസി അറിയിച്ചു

0

ഡൽഹി : സ്വര്‍ണമടങ്ങിയ ബാഗേജ് കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ അയച്ചത് ആരെന്ന് കണ്ടെത്താന്‍ യുഎഇ സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. ഡൽഹിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗുരുതരമായ കുറ്റം ചെയ്യുകയും ഇന്ത്യയിലെ യുഎഇ മിഷന്റെ യശ്ശസിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുമെന്നും എംബസി അറിയിച്ചു.കുറ്റകൃത്യത്തിന്റെ അടിവേര് കണ്ടെത്തുന്നതിനായി ഇന്ത്യന്‍ അധികൃതരുമായി പൂര്‍ണമായി സഹകരിക്കുമെന്നും യുഎഇ വ്യക്തമാക്കി. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഒരു മുന്‍ജീവനക്കാരനാണ് കടത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ബോധ്യപ്പെടുന്നതെന്ന് യുഎഇ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍സുലേറ്റിന് ഇതുമായി യാതൊരു ബന്ധവുമില്ല. കള്ളക്കടത്തിനായി ഒരു വ്യക്തി നയതന്ത്ര മാര്‍ഗങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ നടത്തിയ ശ്രമത്തെ അപലപിക്കുകയാണ്. ഇത്തരം പ്രവൃത്തികളെ പൂര്‍ണമായും തള്ളുകയാണ്. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അറിവ് മുന്‍ജീവനക്കാരന്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗിച്ചുവെന്ന് വേണം പ്രാഥമികമായി മനസ്സിലാക്കാന്‍.

വിഷയത്തില്‍ വിശദമായ അന്വേഷണം ഉറപ്പുവരുത്തുന്നതിന് ഇന്ത്യയിലെ കസ്റ്റംസ് അധികാരികളുമായി യുഎഇ പൂര്‍ണമായും സഹകരിക്കും. ക്രിമിനല്‍ പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരായി കര്‍ക്കശമായ നടപടി ആവശ്യപ്പെടുകയാണ്– എംബസി പ്രസ്താവനയില്‍ പറഞ്ഞു.സ്വര്‍ണകടത്തില്‍ അറസ്റ്റലായ വ്യക്തിയെ കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് ഏതാനും മാസം മുമ്പ് പുറത്താക്കിയതാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹമദ് അല്‍ ബന്ന ദുബായില്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ബന്ന വ്യക്തമാക്കി.

You might also like

-