ഫെഡറല്‍ മിനിമം വേജ് 15 ഡോളര്‍ ; ബില്‍ യുഎസ് ഹൗസ് പാസ്സാക്കി
കുറഞ്ഞ വേതനം 15 ഡോളറാക്കുന്നതു 30 മില്യണ്‍ ജീവനക്കാരുടെ പെ ചെക്കില്‍ വന്‍ വര്‍ധനയുണ്ടാക്കുമെന്നും അതുകൊണ്ട് തന്നെ ഇത് വളരെ സ്വീകാര്യമാണെന്നും ഡെമോക്രാറ്റിക് മെജോറിട്ടി ലീഡര്‍ സ്റ്റെനി ഹോയര്‍ (മേരിലാന്റ്) അഭിപ്രായപ്പെട്ടു.
വാഷിങ്ടണ്‍ ഡിസി: അമേരിക്കയിലെ കുറഞ്ഞ വേതനം മണിക്കൂറില്‍ 15 ഡോളറാക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ യുഎസ് ഹൗസില്‍ ജൂലായ് 18 ന് പാസ്സാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടി കൊണ്ടു വന്ന ബില്ലിന് അനുകൂലമായി 231 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 199 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.
ദേശീയ കുറഞ്ഞ വേതനം 7.25 ല്‍ നിന്നും വര്‍ധിപ്പിക്കുമെന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.
പത്തു വര്‍ഷത്തിനു ശേഷമാണു ഫെഡറല്‍ മിനിമം വേജ് വര്‍ധിപ്പിക്കുന്ന ബില്‍ യുഎസ് ഹൗസ് പാസ്സാക്കിയത്. 2020 ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു നേട്ടമായി ഉയര്‍ത്തി കാണിക്കുന്നതിനു കൂടിയാണ്. ഇങ്ങനെയൊരു ബില്‍ അവതരിപ്പിച്ചതും പാസ്സാക്കിയതും. യുഎസ് ഹൗസ്സില്‍ ഭൂരിപക്ഷം ഡമോക്രാറ്റിക് പാര്‍ട്ടിക്കാണെങ്കിലും യുഎസ് സെനറ്റില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതു പാസ്സാക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്.
മിനിമം വേജ് ഇത്രയും വര്‍ധിപ്പിക്കുന്നതു ചെറുകിട വ്യവസായങ്ങളേയും വ്യാപാര കേന്ദ്രങ്ങളേയും ദോഷമായി ബാധിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുറഞ്ഞ വേതനം 15 ഡോളറാക്കുന്നതു 30 മില്യണ്‍ ജീവനക്കാരുടെ പെ ചെക്കില്‍ വന്‍ വര്‍ധനയുണ്ടാക്കുമെന്നും അതുകൊണ്ട് തന്നെ ഇത് വളരെ സ്വീകാര്യമാണെന്നും ഡെമോക്രാറ്റിക് മെജോറിട്ടി ലീഡര്‍ സ്റ്റെനി ഹോയര്‍ (മേരിലാന്റ്) അഭിപ്രായപ്പെട്ടു. പ്രമീള ജയ്പാല്‍, മാര്‍ക്ക് പീക്കന്‍, സ്റ്റെഫിനി മര്‍ഫി എന്നിവരാണു ബില്‍ കൊണ്ടുവരുന്നതിനു മുന്‍കൈ എടുത്തത്.