ജമ്മു കശ്മീരിൽ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി

രാത്രി 11.30 നും 1.30 നുമാണ് സൈനിക ആസ്ഥാനത്തിനുള്ളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്.

0

ശ്രീനഗർ: ജമ്മു കശ്മീരിലെ അതീവ സുരക്ഷാ മേഖലയായ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെ വെടിവെച്ചിടാൻ സൈനികർ ശ്രമിച്ചിരുന്നു. എന്നാൽ ഡ്രോൺ ഇരുട്ടിൽ മറയുകയായിരുന്നുവെന്നും ഇതിനായി തിരച്ചിൽ തുടരുകയാണെന്നും സൈനികർ അറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. രാത്രി 11.30 നും 1.30 നുമാണ് സൈനിക ആസ്ഥാനത്തിനുള്ളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡ്രോണുകളെ പ്രവര്‍ത്തനരഹിതമാക്കാന്‍ സൈനികര്‍ അവയ്ക്ക് നേരെ വെടിയുതിര്‍ത്തു.ഡ്രോണുകള്‍ക്ക് നേരെ സൈനികോദ്യോഗസ്ഥര്‍ 20-25 റൗണ്ട് വെടിയുതിര്‍ത്തു. എന്നാല്‍ ഡ്രോണുകള്‍ ഇരുളിലേക്ക് നീങ്ങി മറഞ്ഞതായാണ് വിവരം. ജമ്മു-പത്താന്‍കോട്ട് ദേശീയപാതയില്‍ കാലൂചക്-പുര്‍മണ്ഡല്‍ റോഡില്‍ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം രണ്ട് ക്വാഡ്‌കോപ്ടറുകള്‍ ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു.

ഇതേ തുടര്‍ന്ന് ജമ്മുവില്‍, പ്രത്യേകിച്ച് സൈനികആസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നലെ ജമ്മുകശ്മീരിലെ വിമാനത്താവളത്തിലുണ്ടായ ഡ്രോണുപയോഗിച്ചുള്ള ഇരട്ട സ്‌ഫോടനത്തിന്റെ ഞെട്ടൽ മാറും മുൻപാണ് അടുത്തതും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് വ്യോമ കേന്ദ്രത്തിൽ ആക്രമണം ഉണ്ടായത്. അഞ്ച് മിനിറ്റ് ഇടവേളയിലായിരുന്നു സ്‌ഫോടനം. ഡ്രോണുകൾ വിമാനത്താവളത്തിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണരീതിയാണ് ഭീകരർ പരീക്ഷിച്ചത്. എന്നാൽ വ്യോമസേനയുടെ അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് വന്നുവീണ് ഡ്രോണുകൾ സ്വയം പൊട്ടിച്ചിതറുകയായിരുന്നു.

ആദ്യ സ്‌ഫോടനത്തിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്. ജിപിഎസ് ഘടിപ്പിച്ച രണ്ടു ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പാകിസ്താൻ ആസ്ഥാനമായ ലഷ്‌കർ ഇ ത്വായ്ബയാണ് ഡ്രോൺ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചതെന്ന് ജമ്മു പോലീസ് അറിയിച്ചിരുന്നു. സംഭവത്തിൽ ഒരു ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ അറസ്റ്റിലാവുകയും ചെയ്തു. കേസ് ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം മണിക്കൂറുകൾക്ക് മുൻപ് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർക്കും ഭാര്യയ്ക്കും പിന്നാലെ വെടിവെയ്പിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇന്നലെ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ഭീകരരാണ് കുടുംബത്തിന് നേരെ ആക്രമണം നടത്തിയത്. സ്‌പെഷ്യൽ പോലീസ് ഓഫീസർ ഫയാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്. ഉടൻ തന്നെ ഫയാസിനെയും ഭാര്യയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You might also like

-