തുഷാര്‍ വെള്ളാപ്പള്ളിയെ കള്ളക്കേസില്‍ കുടുക്കിയതെന്ന് തെളിയിക്കുന്ന ശബ്ദരേഖകള്‍ പുറത്ത്
തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് നാസില്‍ അബ്ദുള്ള പരിചയക്കാരനില്‍ നിന്നും പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.
ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിയെ കള്ളക്കേസില്‍ കുടുക്കിയതെന്ന് തെളിയിക്കുന്ന ശബ്ദരേഖകള്‍ പുറത്ത്. തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് നാസില്‍ അബ്ദുള്ള പരിചയക്കാരനില്‍ നിന്നും പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് നാസില്‍ ചെക്ക് സംഘടിപ്പിച്ചത്.
നാസില്‍ നാട്ടിലെ സുഹൃത്തുമായി സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന തുകയുടെ പാതി നല്‍കാമെന്നും നാസില്‍ സുഹൃത്തിന് ഉറപ്പ് നല്‍കുന്നുണ്ട്. അടുത്ത ദിവസം തന്നെ തുഷാര്‍ ദുബായിലെത്തുന്നുണ്ടെന്നും കുടുക്കണമെന്നും നിയാസ് പറയുന്നുണ്ട്. അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കിട്ടുമെന്ന് നിയാസ് ഉറപ്പുനല്‍കുന്നുണ്ട്.
ദുബായില്‍ എത്തുന്ന തുഷാറിനെ കുടുക്കിയാല്‍ ഉടന്‍ തന്നെ അവര്‍ ഒത്തുതീര്‍പ്പിന് വരുമെന്നും ചുരുങ്ങിയത് ആറ് ദശലക്ഷം ദിര്‍ഹമെങ്കിലും കിട്ടുമെന്നും പറയുന്നുണ്ട്. വെള്ളാപ്പള്ളിയുടെ കൈയില്‍ ഇഷ്ടം പോലെ പണമുണ്ടെന്നും തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി പണം തരും. തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ട്. പക്ഷേ പണം തിരികെ നല്‍കിയില്ലെന്ന് പറഞ്ഞാല്‍ തുഷാറിന് അത് തെളിയിക്കാന്‍ കഴിയില്ല. തുഷാറിന്റെ ദൗര്‍ബല്യങ്ങള്‍ അറിയാമെന്നും ഒന്നും നോക്കാതെ ബ്ലാങ്ക് ചെക്കുകളും അഗ്രിമെന്റ് കടലാസുകളുമൊക്കെ ഒപ്പിട്ട് നല്‍കുന്ന തുഷാറിന്റെ രീതി കൈവിട്ട കളിയാണെന്നും നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്.