288 ദിവസത്തെ നിരാഹാരം തുർക്കി വിപ്ലവ ഗായിക മരിച്ചു
ഇരുനൂറിലേറെ ദിവസങ്ങൾ നിരാഹാരമനുഷ്ഠിച്ച തുർക്കി വിപ്ലവ ഗായിക മരിച്ചു. 28 വയസ് മാത്രമായിരുന്നു ഹെലിന്റെ പ്രായം
ഇരുനൂറിലേറെ ദിവസങ്ങൾ നിരാഹാരമനുഷ്ഠിച്ച തുർക്കി വിപ്ലവ ഗായിക മരിച്ചു. 28 വയസ് മാത്രമായിരുന്നു ഹെലിന്റെ പ്രായം.ഇടതുപക്ഷ അനുഭാവമുള്ള ‘ഗ്രൂപ്പ് യോറം’ എന്നുപേരായ സംഗീതസംഘത്തിന് തുർക്കി ഭരണകൂടം നിരോധനമേർപ്പെടുത്തുകയും സഹഗായകരെ തടവിൽവയ്ക്കുകയും ചെയ്തതിനെതിരേയാണ് ഹെലിൻ സമരം തുടങ്ങിയത്. 2016ലാണ് ഗ്രൂപ്പ് യോറത്തിന് നിരോധനമേർപ്പെടുത്തിയത്. വിവിധ രാജ്യങ്ങൾ നിരോധിച്ചിട്ടുള്ള തീവ്രവാദി സംഘടനയായ റവല്യൂഷനറി പീപ്പിൾസ് ലിബറേഷൻ പാർട്ടി ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നിരോധനം.
ബാൻഡ് അംഗമായ ഇബ്രാഹിം ഗോക്‌സെയ്‌ക്കൊപ്പമാണ് ഹെലിൻ നിരാഹാര സമരം ആരംഭിച്ചത്. കഴിഞ്ഞ നവംബറിൽ രണ്ടുപേരൊഴികെയുള്ള ബാൻഡ് അംഗങ്ങളെ ജയിലിൽ നിന്ന് വിട്ടയച്ചു. എന്നാൽ ബാൻഡിന്റെ നിരോധനം പിൻവലിക്കുക, കേസുകൾ അവസാനിപ്പിക്കുക, മറ്റുള്ളവരെ ജയിലിൽ നിന്ന് വിട്ടയയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹെലിനും ഇബ്രാഹിമും നിരാഹാര സമരം തുടരുകയായിരുന്നു. മൂന്നാഴ്ച മുമ്പ് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്ക് വിസമ്മതിച്ചു. തുടർന്ന് വെള്ളിയാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.