ട്രംപിന്റെ അപ്രൂവല്‍ റെയ്റ്റിങ്ങില്‍ വര്‍ദ്ധന; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് വിജയ സാധ്യത

0

വാഷിങ്ടന്‍ ഡിസി: പ്രസിഡന്റ് സ്ഥാനം ഏറ്റതിനുശേഷം വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന്റെ അപ്രൂവല്‍ റെയ്്റ്റിങ്ങില്‍ ആദ്യമായി പ്രകടമായ വ്യതിയാനം നവംബര്‍ ആറിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ വിജയ സാധ്യത വര്‍ധിപ്പിച്ചേക്കും.

2016 പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോളിങ് ദിനത്തില്‍ അപ്രൂവല്‍ റെയ്റ്റിങ്ങ് 32 ശതമാനമായിരുന്നിട്ടുപോലും ട്രംപിന്റെ മാസ്മരിക പ്രകടനം അപ്രതീക്ഷിത വിജയം സമ്മാനിച്ചിരുന്നു. 53 ശതമാനം വോട്ടര്‍മാര്‍ ട്രംപിനെതിരെ പ്രതികരിച്ചു എന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ നിഷ്പ്രഭമാക്കിയായിരുന്നു ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ കുതിച്ചുകയറ്റം, സാമ്പത്തിക രംഗത്ത് കൈവരിച്ച അപൂര്‍വ്വ പുരോഗതി, തൊഴിലില്ലായ്മ നിരക്കില്‍ ഗണ്യമായ കുറവ്, സുപ്രീം കോടതി നിയമനത്തില്‍ ട്രംപിന്റെ നിലപാടിന് അംഗീകാരം, അമേരിക്ക ഫസ്റ്റ് എന്ന ആശയത്തിന് ഊന്നല്‍ നല്‍കി കൈകൊണ്ട തീരുമാനങ്ങള്‍, നിയമ വിരുദ്ധ കുടിയേറ്റത്തിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ക്ക് അമേരിക്കന്‍ പൗരന്മാരില്‍ നിന്നും ലഭിച്ച പിന്തുണ തുടങ്ങിയ നിരവധി വിഷയങ്ങളാണ് ട്രംപിന്റെ റേറ്റിങ് വര്‍ധിക്കുന്നതിന് കാരണമായത്.

ഈയ്യിടെ റജിസ്‌ട്രേഡ് വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്ന് 41 ശതമാനവും, ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് 48 ശതമാനവും അഭിപ്രായപ്പെട്ടിരുന്നു. നേരിയ ഭൂരിപക്ഷം ഡമോക്രാറ്റുകള്‍ക്ക് ഉണ്ടെങ്കിലും ട്രംപിന്റെ വര്‍ധിച്ചു വരുന്ന അംഗീകാരം നവംബര്‍ 6 ന് മുന്‍പ് ഇതിനെ മറികടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സെനറ്റില്‍ ഒഴിവുവന്ന 23 ഡമോക്രാറ്റിക് സീറ്റുകളിലും വിജയം നേടുകയും റിപ്പബ്ലിക്കന്‍ സീറ്റുകളില്‍ ചിലതെങ്കിലും പിടിച്ചെടുക്കുകയും ചെയ്താല്‍ മാത്രമേ ഡമോക്രാറ്റുകള്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം നേടാനാകൂ. ബ്ലാക്ക് വോട്ടര്‍മാരും ലാറ്റിനോകളും ഈ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിക്കുവാന്‍ വിമുഖത കാണിച്ചാല്‍ ഡമോക്രാറ്റുകള്‍ക്ക് ഇതു ക്ഷീണം ചെയ്യും. ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റണമെങ്കില്‍ യുഎസ് സെനറ്റില്‍ ഭൂരിപക്ഷം ലഭിക്കേണ്ടത് അനിവാര്യമാണ്.

You might also like

-