റഷ്യന്‍ അധിനിവേശത്തെ അപലപിച്ചു ട്രംപ്; 2024ല്‍ മത്സരിക്കുമെന്നു സൂചന
വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കാത്ത ലോക നേതാക്കളെയും ട്രംപ് വിമര്‍ശിച്ചു. 2020ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടത്തിയ അട്ടിമറിയാണ് ബൈഡന്റെ വിജയത്തിനു വഴിയൊരുക്കിയതെന്ന ആരോപണം ട്രംപ് ആവര്‍ത്തിച്ചു.
ഫ്‌ളോറിഡ | റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ചു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതോടൊപ്പം 2024ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും. ഫെബ്രു 26 ശനിയാഴ്ച ഫ്‌ലോറിഡയില്‍ റിപ്പബ്ലിക്കന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. യുക്രെയ്ന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ലോകത്തിലെ ഏറ്റവും വലിയ കണ്‍സര്‍വേറ്റിവ് ഗാതറിങ്ങില്‍ പ്രസംഗിക്കവെ പ്രസിഡന്റ് ബൈഡന്റെ ബലഹീനതയാണ് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ ചൂഷണം ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.
വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കാത്ത ലോക നേതാക്കളെയും ട്രംപ് വിമര്‍ശിച്ചു. 2020ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടത്തിയ അട്ടിമറിയാണ് ബൈഡന്റെ വിജയത്തിനു വഴിയൊരുക്കിയതെന്ന ആരോപണം ട്രംപ് ആവര്‍ത്തിച്ചു.
അമേരിക്കയുടെ എല്ലാ രംഗങ്ങളിലുമുള്ള തകര്‍ച്ചയെ കുറിച്ചും നിങ്ങള്‍ മനസിലാക്കണം. 2020ലെ തിരഞ്ഞെടുപ്പ് തട്ടിയെടുക്കാതിരിക്കുകയും ഞാന്‍ പ്രസിഡന്റാകുകയും ചെയ്തിരുന്നുവെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഹര്‍ഷാരവങ്ങളോടു കൂടിയാണ് യോഗ പ്രതിനിധികള്‍ ട്രംപിന്റെ പ്രസ്താവനയോടു പ്രതികരിച്ചത്. ട്രംപ് 2024ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശനിയാഴ്ച നല്‍കിയ സൂചന അതിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.