അഫ്ഗാനിസ്ഥാനിലെ അമേരിയുടെ പരാജയം യുക്രെയ്നിലെ അധിനിവേശത്തിന് റഷ്യക്ക് ധൈര്യം നൽകും: ട്രംപ്
ബൈഡൻ വൈറ്റ്ഹൗസിൽ തുടരുന്നിടത്തോളം അമേരിക്ക ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുക്രെയ്നിൽ നിന്നു യുഎസ് എംബസിയിൽ അംഗങ്ങൾ ഉടൻ ഒഴിവാകണമെന്നും അമേരിക്കൻ പൗരൻമാർ രാജ്യം വിടണമെന്നും വൈറ്റ് ഹൗസ് നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ശനിയാഴ്ച ഉത്തരവിട്ടതിനു മണിക്കൂറുകൾക്കു ശേഷമാണു ട്രംപിന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
വാഷിങ്ടൻ | അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ച പ്രസിഡന്റ് ബൈഡന്റെ തീരുമാനം യുക്രെയ്ൻ അധിനിവേശത്തിനു റഷ്യക്കു കൂടുതൽ ധൈര്യം നൽകുമെന്നു ഡോണൾഡ് ട്രംപ്. ഫെബ്രുവരി 12 ശനിയാഴ്ച വാർത്താ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ട്രംപ് ൈബഡനെതിരെ ആഞ്ഞടിച്ചത്.
ബൈഡൻ വൈറ്റ്ഹൗസിൽ തുടരുന്നിടത്തോളം അമേരിക്ക ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുക്രെയ്നിൽ നിന്നു യുഎസ് എംബസിയിൽ അംഗങ്ങൾ ഉടൻ ഒഴിവാകണമെന്നും അമേരിക്കൻ പൗരൻമാർ രാജ്യം വിടണമെന്നും വൈറ്റ് ഹൗസ് നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ശനിയാഴ്ച ഉത്തരവിട്ടതിനു മണിക്കൂറുകൾക്കു ശേഷമാണു ട്രംപിന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
യുക്രെയ്ൻ– റഷ്യൻ അതിർത്തിയിലെ നിലവിലുള്ള സംഭവവികാസം ഭയപ്പെടുത്തുന്നതാണ്. ഇതൊരിക്കലും അനുവദിക്കരുത്. അഫ്ഗാനിസ്ഥാനിലെ യുഎസ് പരാജയം ചൈനയും റഷ്യയും സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. റഷ്യൻ പ്രസിഡന്റ് കുറച്ചു ദിവസത്തേക്കു ചർച്ചകൾ തുടരുമെന്നും തുടർന്ന് എന്തു സംഭവിക്കാൻ പോകുന്നുവെന്നതു പകൽവെളിച്ചം പോലെ വ്യക്തമാകുമെന്നും ട്രംപ് പറഞ്ഞു.
85 ബില്യൻ വില മതിക്കുന്ന യുദ്ധോപകരണങ്ങളും അമേരിക്കൻ പൗരന്മാരെയും അഫ്ഗാനിസ്ഥാനിൽ ഉപേക്ഷിച്ചു. സൈന്യത്തെ പിൻവലിക്കാൻ ബൈഡൻ നൽകിയ ഉത്തരവ് അനുചിതവും അനവസരത്തിലുള്ളതും അവിശ്വസനീയവും ആയിരുന്നു എന്ന് ട്രംപ് കുറ്റപ്പെടുത്തി. ഞാൻ പ്രസിഡന്റായിരുന്നു എങ്കിൽ അമേരിക്കൻ ജനതയെ മുൾമുനയിൽ നിർത്തുന്ന ഭീതിജനക സംഭവങ്ങൾ ഒരിക്കലും ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.