അമേരിക്കയില്‍ കോവിഡ് 19 ബാധിച്ചു ഒരു ലക്ഷം കടക്കുമെന്ന് ട്രംപ്
എണ്‍പതിനായിരം മുതൽ ഒരു ലക്ഷം വരെ ആളുകളെ നമുക്ക് നഷ്ടപ്പെടും. അതൊരു ഭയാനകമായ കാര്യമാണ്' ട്രംപ് പറഞ്ഞു
ന്യൂയോർക്ക് :അമേരിക്കയില്‍ കോവിഡ് 19 ബാധയിൽ ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കുമെന്നു അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കോവിഡ് ഏറ്റവും നാശം വിതച്ച അമേരിക്കയില്‍ ഇനിയും പതിനായിരങ്ങള്‍ മരിക്കാനിടയുണ്ട് എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
‘എണ്‍പതിനായിരം മുതൽ ഒരു ലക്ഷം വരെ ആളുകളെ നമുക്ക് നഷ്ടപ്പെടും. അതൊരു ഭയാനകമായ കാര്യമാണ്’ ട്രംപ് പറഞ്ഞു. പ്രതിസന്ധിക്ക് ഇടയിലും പല സ്റ്റേറ്റുകളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെയും ട്രംപ് അഭിമുഖത്തില്‍ പിന്തുണച്ചു. ‘ഒരു രാജ്യമെന്ന നിലയിൽ നമുക്ക് അടച്ചിടാൻ കഴിയില്ല. അങ്ങനെയെങ്കില്‍ നമുക്ക് ഒരു രാജ്യം അവശേഷിക്കുകയില്ല.’ ട്രംപ് പറഞ്ഞു.
അഭിമുഖത്തില്‍ ഉടനീളം കോവിഡിന് കാരണം ചൈനയാണെന്ന ആരോപണം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ഈ വര്‍ഷം അവസാനത്തോടെ രോഗത്തിന് വാക്സിന്‍ ലഭ്യമാവുമെന്ന് ട്രംപ് അവകാശപ്പെട്ടു. പ്രതിസന്ധിയിലായ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ദ്രുതഗതിയില്‍ വീണ്ടെടുക്കുമെന്നും ട്രംപ് പറഞ്ഞു.ഇതുവരെ 1.1 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 67,000 ത്തിലധികം പേർ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.