തൃശൂര്‍ പൂരത്തിന്റെ പ്രതിസന്ധി നീങ്ങുന്നു:ആനകളെ വിട്ട് നല്‍കുമെന്ന് ആന ഉടമകള്‍
ആരോഗ്യക്ഷമത അനുകൂലമെന്ന് കണ്ടെത്തിയാൽ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എത്തുമെന്ന തീരുമാനത്തെ ആന ഉടമകളുടെ സംഘടനകൾ സ്വാഗതം ചെയ്തു.
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ പ്രതിസന്ധി നീങ്ങുന്നു. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് അനുമതി കിട്ടിയതോടെ പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്ന് നിലപാടെടുത്ത ആന ഉടമകള്‍ അയഞ്ഞു. ആരോഗ്യക്ഷമത അനുകൂലമെന്ന് കണ്ടെത്തിയാൽ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എത്തുമെന്ന തീരുമാനത്തെ ആന ഉടമകളുടെ സംഘടനകൾ സ്വാഗതം ചെയ്തു.
കളക്ടര്‍ മുന്നോട്ടുവെച്ച എല്ലാ ഉപാധികളോടും സഹകരിക്കുമെന്ന് ആന ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കി. ഇതോടെ മൂന്നു ദിവസമായി തുടരുന്ന പ്രതിസന്ധിയ്ക്കാണ് അവസാനമാവുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത നാളെ പരിശോധിക്കും. നാളത്തെ പരിശോധനയിൽ ആരോഗ്യക്ഷമത അനുകൂലമെന്ന് കണ്ടെത്തിയാൽ പൂര വിളംബരത്തിന് ഒരു മണിക്കൂർ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ കലക്ടര്‍ അധ്യക്ഷയായ സമിതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ ലഭിച്ച നിയമോപദേശം. തലേന്ന് നടക്കുന്ന പൂരവിളമ്പരത്തില്‍ മാത്രമേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാവൂയെന്ന് അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ നിയമോപദേശം നല്‍കി. വിഷയത്തില്‍ ഇടപെടാനില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.
അപകടങ്ങൾ ഉണ്ടാകാതിരിക്കാന്‍ മതിയായ മുൻകരുതൽ സ്വീകരിക്കണം നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. ആനയില്‍ നിന്ന് ജനങ്ങളെ നിശ്ചിത അകലത്തിൽ മാറ്റി നിർത്തണം. ആനയ്ക്ക് പ്രകോപനം ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കണം. അനിഷ്ട സംഭവമുണ്ടായാൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ആന ഉടമയിൽ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങണം.
നാട്ടാന പരിപാലനച്ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കണം. ആനയ്ക്ക് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കണം . ആന ആരോഗ്യവാനാണെന്ന് മൂന്നംഗ വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിശോധിച്ച് ഉറപ്പു വരുത്തണം. തൃശൂർ പൂരത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഈ നിർദേശമെന്നും ഭാവിയിൽ ഇതൊരു കീഴ്‌വഴക്കമാക്കി മാറ്റരുതെന്നും നിയമോപദേശത്തില്‍ വിശദമാക്കിയിരുന്നു.