തൃശൂർ പൂരത്തിന് ഇക്കുറി കർശന സുരക്ഷ

തൃശൂർ പൂരത്തിൻറെ പകിട്ടിനും ഗമയ്ക്കും ഒട്ടും കുറവില്ലാതെ തന്നെ ഇത്തവണയും പൂരം നടത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ.

0

തൃശൂർ പൂരത്തിന് ഇക്കുറി കർശന സുരക്ഷയൊരുക്കാൻ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ തീരുമാനമായി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൂരപ്പറമ്പിൽ ക്യാരി ബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. തൃശൂർ പൂരം വെടിക്കെട്ട് മുൻ വർഷത്തേതുപോലെ തന്നെ നടക്കുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു.

തൃശൂർ പൂരത്തിൻറെ പകിട്ടിനും ഗമയ്ക്കും ഒട്ടും കുറവില്ലാതെ തന്നെ ഇത്തവണയും പൂരം നടത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ആചാര പ്രകാരം ആർഭാടമായി തന്നെ തൃശൂർ പൂരം നടത്തും. എന്നാൽ പൂരത്തിനെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായി കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതുമൂലം പൂര പ്രേമികൾക്ക് മേൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു. സുരക്ഷയ്ക്കായി കൂടുതൽ സിസിടിവികളും പൊലീസ്, ഫയർഫോഴ്‌സ് സംവിധാനങ്ങളും വിന്യസിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട്, വെടിക്കെട്ട് കാണാനെത്തുന്നവർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ തന്നെ ഏല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

-