അമിത് ഷായുമായി കൂടിക്കാഴ്ച പൗരത്വ നിയമ ഭേദഗതി ത്രിപുരയിലെ പ്രക്ഷോഭം പിന്‍വലിച്ചു; നീക്കം

സംസ്ഥാനത്ത് വിവിധ സംഘടനക സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്.അമിത് ഷായിൽ നിന്ന് സമരക്കാര്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പിന്നീട് പറഞ്ഞു

0

അഗർത്തല :പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ത്രിപുരയിൽ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു. വിവിധ സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് തീരുമാനം. സംസ്ഥാനത്ത് വിവിധ സംഘടനക സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്.അമിത് ഷായിൽ നിന്ന് സമരക്കാര്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പിന്നീട് പറഞ്ഞു. എന്നാൽ മേഘാലയയിലും അസമിലും പ്രതിഷേധം കനക്കുകയാണ്. അസമിലെ ഗുവാഹത്തിയില്‍ പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഗുവാഹത്തിയിലും ദിബ്രുഗഡിലും അക്രമസംഭവങ്ങള്‍ തുടരുകയാണ്. ഗുവാഹത്തിയില്‍ ഡി.ജി.പിയുടെ വാഹനവ്യൂഹത്തിനേരെ ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ രണ്ടുദിവസത്തേക്കുകൂടി റദ്ദാക്കി. സംഘര്‍ഷസ്ഥിതി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച ഷില്ലോങ്ങിലെത്തും.പൗരത്വനിയമഭേദഗതിക്കെതിരെ വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഷം പുകയുകയാണ്. കര്‍ഫ്യു നിലനില്‍ക്കുന്ന അസമില്‍ ആയിരങ്ങള്‍ ഇന്നും പ്രതിഷേധവുമായി തെരുവിലിറങ്ങി. ചബുവയില്‍ ബി.ജെ.പി എം.എല്‍.എ ബിനോദ് ഹസാരികയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു, വാഹനങ്ങളും അഗ്നിക്കിരയാക്കി.

ക്രമസമാധാനചുമതലയുള്ള എഡിജിപി മുകേഷ് അഗര്‍വാളിനെ മാറ്റി, പകരം ജിപി സിങ്ങിനെ ചുമതലയേല്‍പ്പിച്ചു. സൈന്യം റൂട്ട് മാര്‍ച്ച് നടത്തി.അസമിലേക്കും ത്രിപുരയിലേക്കുമുളള ട്രെയിന്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോട ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഗുവാഹത്തി, ദിബ്രുഗഡ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി വ്യോമയാനമന്ത്രാലയം അറിയിച്ചു.ബന്ദിന് സമാനമായ സാഹചര്യമായതിനാല്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഐഎസ്എല്‍, രഞ്ജി ട്രോഫി മല്‍സരങ്ങള്‍ മാറ്റിവച്ചു. പ്രതിഷേധം ശക്തമായതോടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനവാള്‍ രംഗത്തെത്തി.

സംഘര്‍ഷസ്ഥിതി തുടരുന്നതിനിടെ വടക്കുകിഴക്കന്‍ പൊലീസ് അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച ഷില്ലോങ്ങിലെത്തും. പൗരത്വനിയമഭേദഗതിയെ വിമര്‍ശിച്ച ബംഗ്ലദേശ് വിദേശകാര്യമന്ത്രി അബ്ദുല്‍ മോമന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. എന്നാല്‍ ആഭ്യന്തരപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോമന്‍ സന്ദര്‍ശനം ഒഴിവാക്കിയതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. അസമിന് പുറമേ മേഘാലയിലും 48 മ‌ണിക്കൂര്‍ ഇന്‍റര്‍നെറ്റ് സേവനം വിഛേദിച്ചു

You might also like

-