ശബരിമല വനത്തിലെ ആദിവാസികളെ തിരുവിതാംകൂർ ദേവസ്വം ബോർഡ്ഏറ്റെടുത്ത് സംരക്ഷിക്കും
ആദിവാസികളുടെ ദയനീയ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് വീടും വിദ്യാഭ്യാസവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്
.തിരുവന്തപുരം :ശബരിമല വനത്തിലെ ആദിവാസികളെ ഏറ്റെടുത്ത് സംരക്ഷിയ്ക്കാനുള്ള നിർണ്ണായക തീരുമാനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊണ്ടിരിക്കുന്നത്.വീട്, വിദ്യാഭ്യാസം, തൊഴിൽ എന്നിവയൊന്നുമില്ലാതെ അലഞ്ഞു തിരിയുന്ന നിരവധി ആദിവാസി കുടുംബങ്ങളാണ് ശബരിമലയിൽ ഉള്ളത്. ആദിവാസികളുടെ ദയനീയ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് വീടും വിദ്യാഭ്യാസവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്.ദേവസ്വം ബോർഡിന്റെ ഈ തീരുമാനം പ്രസിഡന്റ് എ.പത്മകുമാർ ദേവസ്വം വകുപ്പു് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു.ശബരിമലയിലെ ആദിവാസികൾക്കായി വീട് വച്ച് നൽകുക, വിദ്യാഭ്യാസം ലഭ്യമാക്കുക, നിലവിലെ നിയമ വ്യവസ്ഥകൾ പ്രകാരം അവർക്ക് യോഗ്യത അനുസരിച്ച് ജോലി കൊടുക്കുക, വസ്ത്രം,ഭക്ഷണം, ചികിൽസ എന്നിവക്ക് വഴിയൊരുക്കുക എന്നിങ്ങനെയുള്ളവ ഉൾപ്പെടുത്തി വലിയൊരു പദ്ധതിയാണ് ശബരിമലയിലെ ആദിവാസികൾക്കായി ദേവസ്വം ബോർഡ് തയ്യാറാക്കുന്നതെന്ന് പത്മകുമാർ വ്യക്തമാക്കി.
മുഖ്യ മന്ത്രി, വകുപ്പു് മന്ത്രി എന്നിവരുമായി വിശദമായ ചർച്ച നടത്തിയ ശേഷം പദ്ധതി നടപ്പാക്കാനാണ് ബോർഡിന്റെ തീരുമാനം.ശബരിമല അയ്യപ്പക്ഷേത്രത്തിൽ താത്ക്കാലിക ജീവനക്കാരായി ആദിവാസി വിഭാഗത്തിന് നിലവിൽ ജോലി നൽകുന്നുണ്ട്. പക്ഷേ ദയനീയമായ ജീവിത സാഹചര്യം കാരണം അവർ അവിടെ സ്ഥിരമായി നിൽക്കാറില്ല. കൂടാതെ ആദിവാസി കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യവും ഇല്ല. ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോർഡിംഗ് സംവിധാനമൊരുക്കി കുട്ടികളുടെ പഠനം ഉറപ്പാക്കാനും ആണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ധരിപ്പിച്ചു.ദേവസ്വം ബോർഡിന്റെ നിർണ്ണായക തീരുമാനത്തെ സ്വാഗതം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു. പട്ടികജാതി -പട്ടിക വകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്ത് വകുപ്പിന്റെ ഏകോപനത്തോടെ ദേവസ്വം ബോർഡ് പദ്ധതിയുമായി മുന്നോട്ടു പോകണ മെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി.അതേ സമയം ദേവസ്വം ബോർഡിന്റെ ,ശബരിമലയിലെ ആദിവാസികൾക്കായുള്ള പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും പ്രസിഡന്റ് പത്മകുമാർ മന്ത്രിയോട് പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചാൽ വിഷയം ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ നടപടികൾ ദേവസ്വം ബോർഡ് കൈക്കൊള്ളുമെന്നും പ്രസിഡന്റ് എ.പത്മകുമാർ (എക്സ് എം എൽ എ ) വാർത്താകുറിപ്പിൽ അറിയിച്ചു.ശബരിമല ആദിവാസികളുടെ വിഷയത്തിൽ ഇടപെട്ട് അവരുടെ ക്ഷേമത്തിനായി തീരുമാനമെടുക്കുന്ന ഒരുബോർഡ് എന്ന പ്രത്യേകതയും ഇപ്പോഴത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ട്.സർക്കാർ തല ചർച്ചകൾക്ക് ശേഷമായിരിക്കും വിഷയത്തിൽ ബോർഡ് യോഗം അന്തിമ അംഗീകാരം നൽകുക.