ദുരിതം വിട്ടൊഴിയാത്ത ആദിവാസി ഗ്രാമങ്ങൾ അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെ ആശുപത്രിയിലെത്തിച്ചത് മുളം തണ്ടിലേറ്റി കിലോമീറ്ററുകൾ താണ്ടി
എട്ടോളം വനവാസി ഊരുകൾ പുറം ലോകവുമായി ബന്ധമില്ലാതിരിക്കുകയാണ്
പാലക്കാട്: അട്ടപ്പാടി ആനവായിൽ രോഗബാധിതനായ ആദിവാസി മൂപ്പനെ ആശുപത്രിയിൽ എത്തിച്ചത് മുളം തണ്ടിലേറ്റി കിലോമീറ്ററുകൾ നടന്ന്. ശക്തമായ മഴയെ തുടർന്ന് ആനവായ്, ചിന്താക്കി റോഡ് ഗതാഗതം സ്തംഭിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും അധികൃതർ ഇടപെടാത്തതിനാലാണ് മുളംതണ്ടിൽ ആശുപത്രിയിലേക്ക് കൊണ്ടു പോവേണ്ടി വന്നതെന്ന് പ്രദേശവാസികൾ പറയുന്നു.ഇന്ന് രാവിലെയാണ് ആനവായ് ഊരിലെ ചിന്താ മൂപ്പനെ മുളം തണ്ടിലേറ്റിക്കൊണ്ട് വനവാസികൾ ആശുപത്രിയിലേക്ക്എട്ട് കിലോമീറ്ററോളം കാൽനടയായ് നടന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ആനവായ്, ചിന്താക്കി റോഡിൽ മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടിരിന്നു. ആർഡിഒ യോടുൾപ്പെടെ പരാതിപ്പെട്ടിട്ടും റോഡ് ഗതാഗത യോഗ്യമാക്കിയില്ല. ഇതിനാലാണ് രോഗം കലശലായ മൂപ്പനെ മുളം തണ്ടിൽ കെട്ടി കൊണ്ട് നാട്ടുകാർ കാൽനടയായി ആശുപത്രിയിൽ എത്തിച്ചത്.
ആദിവാസി മൂപ്പന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, റോഡിലെ ഗതാഗതം തടസ്സപ്പെട്ടത് മൂലം നിരവധി ആദിവാസികുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്.