ഒക്ടോബര്‍ 10 മുതല്‍ ജമ്മു കശ്മീരിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം

കശ്മീരിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനുശേഷമാണ് പിന്‍വലിക്കുന്നത്.

0

ഡൽഹി :ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ തീരുമാനം. കശ്മീരിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനുശേഷമാണ് പിന്‍വലിക്കുന്നത്.നിലവിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികള്‍ക്കുള്ള വിലക്ക് നീക്കുന്നതെന്നും ഒക്ടോബര്‍ 10 വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീര്‍ ഭരണകൂടം അറിയിച്ചു.

ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ടുള്ള സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ വിനോദ സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കശ്മീരില്‍ വ്യാപകമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. കശ്മീരിലെ വിവിധ രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും കൂടുതല്‍ സേനയെ താഴ്വരയില്‍ വിന്യസിക്കുകയും ചെയ്തിരുന്നു. നിലവില്‍ പലനിയന്ത്രണങ്ങളും എടുത്ത് കളഞ്ഞെങ്കിലും മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വലിയ രീതിയില്‍ ഇപ്പോഴും നിയന്ത്രിക്കപ്പെടുന്നുണ്ട്.

You might also like

-