അട്ടപ്പാടി മധു വധം ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. 16 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷമായിരുന്നു വിധി.
പാലക്കാട്| അട്ടപ്പാടി മധു വധക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.ശിക്ഷിക്കപ്പെട്ട 14 പ്രതികളാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകക്കുറ്റം നിലനില്‍ക്കുന്ന കേസാണിത്. അതിനാല്‍ ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെ ആവശ്യം. തെളിവുകള്‍ പരിഗണിച്ചപ്പോള്‍ കീഴ്‌ക്കോടതിക്ക് തെറ്റുപറ്റിയെന്നുമാണ് പ്രൊസിക്യൂഷന്‍ നല്‍കിയ അപ്പീലിന്റെ ഉള്ളടക്കം. അഡീഷണല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ പിവി ജീവേഷ് ആണ് അന്വേഷണ സംഘത്തിന് വേണ്ടി ഹാജരാകുന്നത്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി ഡോ. കെ പി സതീശനെ നിയമിച്ച കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി പി വി ജീവേഷിൻെറ നിയമന വിജ്ഞാപനവും ഹൈക്കോടതിക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സർക്കാർ ഡോ. കെ പി സതീശനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രോസിക്യൂട്ടറാക്കാൻ ആവശ്യപ്പെട്ട് അഡ്വ. പി വി ജീവേഷിന്റെയും രാജേഷ് എം മേനോന്റെയും പേരുകളാണ് കുടുംബം നൽകിയിരുന്നത്. അതിന് വിരുദ്ധമായാണ് സർക്കാരിന്റെ തീരുമാനമെന്ന് മധുവിന്റെ അമ്മ മല്ലിയമ്മ ആരോപിച്ചിരുന്നു.കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. 16 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷമായിരുന്നു വിധി. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു. 2028 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്.