ഇന്ന് സമ്പൂർണ ലോക്ഡൗൺ അവശ്യ സർവീസുകൾക്ക് മാത്രം പ്രവർത്തിക്കാം
ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം
തിരുവനന്തപുരം :കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. രണ്ടര മാസത്തെ വാരാന്ത്യ ലോക്ഡൗണിന് ശേഷം ഇന്നലെ കടകൾ തുറന്നു. ഇന്ന് അവശ്യ സർവീസുകൾക്ക് മാത്രം പ്രവർത്തിക്കാം. കെ.എസ്.ആർ.ടി.സി. സർവീസും ഉണ്ടായിരിക്കില്ല. അതേസമയം കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.മാളുകള്‍ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കും. ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്.
അതേസമയം നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തുറക്കാൻ സർക്കാർ അനുമതി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. ബുധനാഴ്ച മുതലാണ് കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക.
കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ) ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.