യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻ്റെ സ്മരണപുതുക്കി ക്രൈസ്തവർക്ക് ഇന്ന് പെസഹാ
പെസഹയുടെ ഭാഗമായി പള്ളികളിൽ പ്രത്യേക പ്രാർഥനകളും കാൽ കഴുകൽ ശുശ്രൂഷകളും നടന്നു
കൊച്ചി |യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻ്റെ സ്മരണപുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു . 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അവസാന അത്താഴത്തിന്റെ ഓര്‍മ പുതുക്കിയാണ് വ്യാഴാഴ്ച പെസഹ ആചരിക്കുന്നത്. പെസഹയുടെ ഭാഗമായി പള്ളികളിൽ പ്രത്യേക പ്രാർഥനകളും കാൽ കഴുകൽ ശുശ്രൂഷകളും നടന്നു .അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു ലാളിത്യത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിന്റെ സ്മരണയ്ക്കായാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. തുടര്‍ന്ന് അപ്പം മുറിക്കല്‍ ചടങ്ങും നടന്നു .
പുലർച്ചെ മുതൽക്കേ ദേവാലയങ്ങളില്‍ ശുശ്രൂഷകൾ ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ആണ് മാതൃദേവാലയമായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ പെസഹാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ഉച്ചക്ക് 2.30ന് നടക്കുന്ന കാൽകഴുകൽ ശുശ്രൂഷയിൽ കാതോലിക്കാബാവാ മുഖ്യകാർമ്മികനാകും. കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലാകും മുഖ്യകാർമികൻ. എറണാകുളം സെയ്ന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാകും ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുക .ഇടുക്കി രൂപത അധ്യക്ഷ്യൻ മാർ ജോൺ നെല്ലിക്കുന്നേൽ ഇടുക്കി വാഴത്തോപ്പ് കത്തീട്രൽ ദേവാലയത്തിൽ കുർബാന അർപ്പിച്ചു കാൽകഴുകൽ ശിശ്രുഷക്ക് മുഖ്യ കാർമികത്വം വഹിച്ചു .കോതമംഗലം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.യേശുവിന്റെ കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ദുഃഖവെള്ളി ആചരിക്കും.