സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നികുതിയിൽ പ്രതിഷേധിച്ച് ഇന്ന് കരിദിനം
നികുതിഭാരം വർദ്ധിപ്പിച്ചുകൊണ്ടുള്ള ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ സഭയ്ക്കുള്ളിൽ തുടങ്ങിയ പ്രതിഷേധം സഭയ്ക്ക് പുറത്തും കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല.
തിരുവനന്തപുരം| സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നികുതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കേരളത്തിൽ കരിദിനം ആചരിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കും വരെ ശക്തമായ സമരം നടത്തുമെന്നാണ് കെപിസിസി പ്രഖ്യാപനം.
നികുതിഭാരം വർദ്ധിപ്പിച്ചുകൊണ്ടുള്ള ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ സഭയ്ക്കുള്ളിൽ തുടങ്ങിയ പ്രതിഷേധം സഭയ്ക്ക് പുറത്തും കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ആയിരക്കണക്കിന് കോടികള്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയില്‍ക്കെട്ടിവെച്ചത്. അധിക വിഭവ സമാഹരണത്തിന് ബദല്‍ ധനാഗമന മാര്‍ഗങ്ങള്‍ക്കായി ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കണ്ടെത്താത്ത ഭരണകൂടം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച് പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സ്വീകരിച്ചത്. ഇത് ഒരു കാരണവശാലും കേരള ജനത അംഗീകരിക്കില്ലെന്ന് കെപിസിസി വിലയിരുത്തി.
ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യുഡിഎഫിന് പുറമെ ബിജെപിയും സർക്കാർ വിരുദ്ധ സമരങ്ങൾ ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. കൊച്ചിയിൽ ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ സമര പരിപാടികൾക്ക് രൂപം നൽകും. അതേസമയം പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ സമരം മാത്രമെന്ന് വിശദീകരിച്ച് തള്ളുകയാണ് സിപിഐഎമ്മും സർക്കാരും. എന്നാൽ ജനങ്ങളിൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ ബദൽ പ്രചരണം ശക്തമാക്കും. ഈ മാസം 20ന് ആരംഭിക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ വാഹന ജാഥയിലും നികുതി വർധനയ്ക്ക് ഇടയാക്കിയ സാഹചര്യം വിശദീകരിക്കും.