കിടക്കാൻ കിടപ്പാടമില്ല 19 വര്‍ഷമായി വയോധിക കഴിയുന്നത് പൊതുശൗചാലയത്തില്‍
നിരവധി ഓഫീസുകളില്‍ കയറിയിറങ്ങുകയും കളക്ടറെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. വേറൊരു വരുമാനവും ഇല്ല"
മധുര: അന്തിയുറങ്ങാൻ ഒരിടമില്ലാത്തതിനാൽ തമിഴ്‌നാട്ടിലെ മധുരയില്‍ 65 വയസുള്ള സ്ത്രീ 19 വർഷമായി കഴിയുന്നത് പൊതുശൗചാലയത്തില്‍. മധുര സ്വദേശിനി കറുപ്പയ്യിയാണ് കഴിഞ്ഞ 19 വര്‍ഷമായി പൊതുശൗചാലയത്തിലാണ് കഴിയുന്നത്.
19 വര്ഷം മുൻപ് പൊതു ശൗചാലയം ശുചിയാക്കാൻ നിയോഗിക്കപ്പെട്ട കറുപ്പയ്യി പിന്നീടങ്ങോട്ടുള്ള ജീവതം ഈ ശൗചാലയത്തിലായി . ഇതിന് ഇവര്‍ക്ക് 70 മുതല്‍ 80 രൂപ വരെ ദിവസവും ലഭിക്കും. കറുപ്പയ്യിയുടെ കിടപ്പും ഉറക്കവുമെല്ലാം ഇവിടെയാണ്. വാര്‍ധക്യപെന്‍ഷന്‍ പോലും കറുപ്പയ്യിക്ക് ലഭിച്ചിട്ടില്ല. പലയിടത്തും പെന്‍ഷനായി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.”നിരവധി ഓഫീസുകളില്‍ കയറിയിറങ്ങുകയും കളക്ടറെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. വേറൊരു വരുമാനവും ഇല്ല” കറുപ്പയ്യി പറഞ്ഞു. ഇവിടെത്തന്നെയാണ് താമസം. ഒരു മകളുണ്ടെങ്കിലും തന്നെ കാണാന്‍പോലും വരില്ലെന്നും കറുപ്പയ്യി കൂട്ടിച്ചേർത്തു . കറുപ്പയ്യിയുടെ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി പേരാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.