മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു

രാജ്യത്തിന്‍റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ, 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്.

0

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരുനെല്ലൈ നാരായണ അയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച ആയിരുന്നു അന്ത്യം. 87 വയസ് ആയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.രാജ്യത്തിന്‍റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ, 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്.

തമിഴ് നാട് കേഡറിലെ 1955 ബാച്ച് ഐ എ എസ് ഓഫീസർ ആയിരുന്നു ടി എൻ ശേഷൻ. 1989ൽ പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറി ആയിരുന്നു. 1996ൽ മാഗ്സെസെ അവാർഡിന് അർഹനായി

ടിഎൻ ശേഷൻ വിട വാങ്ങുമ്പോൾ ഭാരതത്തിന് നഷ്ടമാകുന്നത് തെരഞ്ഞെടുപ്പ് രംഗത്ത് ശുദ്ധികലശം നടത്തിയ ഭരണാധികാരിയെയാണ്. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്. ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന കാലത്ത് ആ പേര് രാജ്യത്തെ കൊച്ചുകുട്ടികൾക്കു പോലും അറിയാമായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അപ്രമാദിത്തം ഉറപ്പാക്കാൻ പലതവണയാണ് അദ്ദേഹം സുപ്രീംകോടതി കയറിയിറങ്ങിയത്. അദ്ദേഹത്തിന്‍റെ പദവികളെ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കൂടി നിയമിച്ചു. എം എസ് ഗിൽ, ജി വി എസ് കൃഷ്ണമൂർത്തി എന്നിവരെയാണ് നിയമിച്ചത്. എന്നാൽ, സുപ്രീംകോടതി അദ്ദേഹത്തിന്‍റെ അധികാരത്തെ ഉയർത്തിപ്പിടിച്ചു. 1996ൽ സുപ്രീം കോടതി കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മീഷണർക്കു മാനിക്കേണ്ടി വരുമെന്ന് വിധിച്ചു.

ടി എൻ ശേഷൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന കാലത്ത് 40,000ത്തോളം സ്ഥാനാർത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കി. ഇതിൽ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ പാർലമെന്‍റ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല.

ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാൻ ഉദ്ബോധിപ്പിച്ച അദ്ദേഹം ദേശീയ വോട്ടേഴ്സ് അവയർനെസ് കാമ്പയിൻ സംഘടിപ്പിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവന്നു. കൂടാതെ, തെരഞ്ഞെടുപ്പിലെ ചെലവുകൾക്ക് പരിധി നിശ്ചയിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ അവരുടെ വരുമാന വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കി. തെരഞ്ഞെടുപ്പിൽ ഉച്ചഭാഷിണികളും ചുവരെഴുത്തുകളും അദ്ദേഹം നിരോധിച്ചു. ജാതി തിരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തെ എതിർത്തു. ജാതി പ്രീണനത്തെ അദ്ദേഹം നിരോധിച്ചു.

തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ഒഴിവാക്കാൻ വീഡിയോ ടീമുകളെ നിയോഗിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ കൊണ്ടുവന്നു. കൂടാതെ, തെരഞ്ഞെടുപ്പിൽ സർക്കാർ വാഹനങ്ങൾ, ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു. ശേഷൻ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കമ്മീഷനെ ശക്തമായ സ്വതന്ത്ര സ്ഥാപനമാക്കി മാറ്റി

 

You might also like

-