തമിഴ്‌നാട്ടില്‍ 30 തടവുപുള്ളികള്‍ക്ക് കോവിഡ് ,രോഗബാധിതരുടെ എണ്ണം 20,000 കടന്നു

145 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ മരിച്ചത്. വെള്ളിയാഴ്ച മരിച്ചത് ഒമ്പത് പേരാണ്

0

ചെന്നൈ: തമിഴ്‌നാട്ടില്‍ 30 തടവുപുള്ളികള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിലെ അതീവസുരക്ഷയുള്ള പുഴല്‍ ജയിലിലാണ് തടവുപുള്ളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബാക്കിയുള്ളവരെ ജയിലിനുള്ളില്‍ത്തന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച മാത്രം 874 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 കേസുകളും ചെന്നൈ നഗരത്തിലാണ്. കഴിഞ്ഞ മൂന്നു ദിവസമായി തമിഴ്‌നാട്ടില്‍ 800ല്‍ അധികം കേസുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 20,000 കടന്നു.

145 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ മരിച്ചത്. വെള്ളിയാഴ്ച മരിച്ചത് ഒമ്പത് പേരാണ്.മഹാരാഷ്ട്രയില്‍നിന്ന് തിരിച്ചെത്തിയവരാണ് പോസിറ്റീവ് ആകുന്ന രോഗികളില്‍ വലിയൊരു വിഭാഗം. വെള്ളിയാഴ്ച സ്ഥിരീകരിച്ചവരില്‍ 129 പേര്‍ റോഡ് മാര്‍ഗവും ആറ് പേര്‍ വിമാനത്തിലും മഹാരാഷ്ട്രയില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗബാധ വര്‍ധിക്കുന്നതിനൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇതുവരെ 20,246 കേസുകള്‍ പോസിറ്റീവായപ്പോള്‍ 11,313 പേര്‍ രോഗമുക്തരായതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. വെള്ളിയാഴ്ച മാത്രം 765 പേര്‍ ആശുപത്രി വിട്ടു.

You might also like

-