തമിഴ്നാട്ടിൽ നിന്ന് മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് രോഗബാധ; കൂത്താട്ടുകുളത്ത് ജാഗ്രതാ നിർദ്ദേശം
ഡ്രൈവർ ഇപ്പോൾ തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
എറണാകുളം കൂത്താട്ടുകുളത്ത് ജാഗ്രതാ നിർദ്ദേശം. തമിഴ്നാട്ടിൽ നിന്ന് മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡ്രൈവർ ഇപ്പോൾ തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൂത്താട്ടുകുളത്തെ മുട്ടക്കട സീൽ ചെയ്തു. കട ഉടമയോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകി. മൂന്ന് ദിവസത്തേക്ക് ഹൈ സ്കൂൾ റോഡ് അടച്ചു.
തമിഴ്നാട്ടിൽ നിന്ന് മുട്ട കൊണ്ടുവന്ന ഡ്രൈവർ ലോഡ് കൂത്താട്ടുകുളത്തെ മുട്ടക്കടയിൽ ഇറക്കി. തുടർന്ന് അദ്ദേഹവും സഹായിയുമായി കോട്ടയത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിലേക്ക് പോയി. അവിടെ വെച്ച് അദ്ദേഹത്തിനു പനി ഉണ്ടാവുകയും കോട്ടയം മെഡിക്കൽ കോളജിലെത്തി സ്രവം പരിശോധിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം തിരികെ നാട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെ സ്രവ പരിശോധനാ ഫലം പുറത്തുവന്നതോടെ ഇദ്ദേഹം കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇപ്പോൾ ആരോഗ്യ വകുപ്പ് ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ്.
അതേ സമയം, ഡ്രൈവർ ലോറിയിൽ തന്നെ ഇരിക്കുകയായിരുന്നു എന്നും സഹായി ആണ് മുട്ട കൈമാറിയതെന്നുമാണ് വിവരം. മുട്ടക്കട ആരോഗ്യവകുപ്പ് അണുവിമുക്തമാക്കുകയാണ്.