80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട്
80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു
തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിന് ശേഷം തപാല്‍ വോട്ടിന് അപേക്ഷിക്കാം. തദ്ദേശ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ ചില കളക്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയതിനാല്‍ പരാതികള്‍ പരിശോധിച്ച് ക്രമീകരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ടിക്കാറാം മീണ.
സംസ്ഥാനത്ത് ആറര ലക്ഷത്തിലധികം വോട്ടർമാർ എൺപത് വയസിന് മുകളിലുള്ളവരാണ്. ഇവരിൽ ആഗ്രഹമുള്ളവർക്കെല്ലാം പോസ്റ്റൽ വോട്ട് അനുവദിക്കും. കൊവിഡ് രോഗികൾ വോട്ട് ചെയ്യാൻ വരുമ്പോൾ സ്വന്തം ചെലവിൽ പിപിഇ കിറ്റ് ധരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.പോസ്റ്റൽ ബാലറ്റ് ചെയ്യാൻ അനുവദിക്കുന്നവർക്ക് നേരിട്ട് വോട്ട് ചെയ്യാൻ അനുവദിക്കില്ല. നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് ശേഷം വോട്ടർ പട്ടികയിൽ കൂട്ടിചേർക്കലോ ഒഴിവാക്കലോ അനുവദിക്കില്ല. പ്രചരണ പരിപാടികൾ, നാമനിർദ്ദേശ പത്രിക സമർപ്പണം, റോഡ് റാലി എന്നിവയിൽ കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
ഒരേ പദവിയില്‍ മൂന്ന് വര്‍ഷമായി തുടരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥലം മാറ്റണമെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം എന്നാല്‍ ഇത് ഡിജിപിക്ക് ബാധകമല്ലെന്നും ടിക്കാറാം മീണ പറഞ്ഞു.കണ്ണൂരിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യാപക പരാതികള്‍ കമ്മീഷന് മുന്നിലുണ്ട്. പ്രത്യേക കേന്ദ്ര സംഘം കണ്ണൂര്‍ ജില്ലയെ പ്രത്യേകം പരിഗണിക്കും. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ബൂത്തുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നാംഗ സംഘം 21 മുതല്‍ സംസ്ഥാനത്ത് പര്യടനം നടത്തും. വിവിധ രാഷ്ട്രീയ കക്ഷികളുമായും ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. 21ന് തലസ്ഥാനത്തും 22ന് രാവിലെ കണ്ണൂരിലും ഉച്ചക്ക് എറണാകുളത്തും സംഘം പര്യടനം നടത്തും. തുടര്‍ന്നായിരിക്കും കൊവിഡ് കാല തെരഞ്ഞെടുപ്പിന്റെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുക.