‘ലൈഫ് പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നവർ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നു : മുഖ്യമന്ത്രി

കേരളത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതില്‍ 36,703 വീടുകള്‍ക്കുള്ള സഹായമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതില്‍ 31,171ഉം പൂര്‍ത്തിയായിട്ടുണ്ട്

0

കണ്ണൂർ | ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ടു പോകുന്നത്. ലൈഫ് മിഷന്‍റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം 71,861 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 1,41,257 വീടുകളാണ് നിര്‍മ്മാണത്തിനായി കരാര്‍ വച്ചത്. ഇതില്‍ 15,518 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ലൈഫ് മിഷന്‍ തകര്‍ന്നു എന്നു ബോധപൂർവം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിര്‍മ്മാണം നടക്കുകയാണെന്ന യാഥാര്‍ത്ഥ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

എല്ലാവരും സുരക്ഷിതമായ പാര്‍പ്പിടത്തില്‍ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷന്‍റെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ ഉണ്ടാകുന്ന ഓരോ തടസ്സവും ഗൗരവമുള്ളതാണ്.

കഴിഞ്ഞ ദിവസം ഒരു മാധ്യമം ചില പിശകുകളോടെ ഭവന നിര്‍മ്മാണ പദ്ധതി സംബന്ധിച്ച് ഒരു വാര്‍ത്ത നല്‍കിയത് കണ്ടു. കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കാത്തതിനാല്‍ പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി മുടങ്ങി എന്നാണ് വാര്‍ത്ത. പി എം എ വൈ ഗ്രാമീണ്‍ പദ്ധതിയില്‍ 2020-21നു ശേഷം കേന്ദ്രം ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കിയിട്ടില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി ആ പട്ടികയില്‍ നിന്നും പുതിയ വീടുകളൊന്നും അനുവദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നിലപാട് തിരുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ല.

കേരളത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതില്‍ 36,703 വീടുകള്‍ക്കുള്ള സഹായമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതില്‍ 31,171ഉം പൂര്‍ത്തിയായിട്ടുണ്ട്. ഓരോ വര്‍ഷവും കേന്ദ്രം തീരുമാനിക്കുന്ന എണ്ണം അനുസരിച്ചാണ് വീടുകള്‍ അനുവദിക്കുന്നത്. കേരളത്തിന് അനുവദിക്കുന്ന സഹായം കൃത്യമായി വിതരണം ചെയ്യാന്‍ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ വീടുകള്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

വീടൊന്നിന് 72,000 രൂപയാണ് ഗ്രാമീണ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇത് 4,00,000 രൂപയാക്കി കേരളം വിതരണം ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആ വാര്‍ത്തയില്‍ പറഞ്ഞത് 2,10,000 രൂപ കേന്ദ്ര വിഹിതം എന്നാണ്. പി എം എ വൈ ഗ്രാമീണില്‍ 260.44 കോടി കേരളത്തിന് ലഭിക്കേണ്ടതില്‍ 187.5 കോടിയാണ് കിട്ടിയത്. ഇതില്‍ 157.58 കോടി ചിലവാക്കിയിട്ടുണ്ട്. നിലവില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനു അനുസരിച്ച്, ബാക്കി തുകയും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like

-