ചെങ്ങന്നൂർ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
രാജധാനി എക്‌സ്പ്രസില്‍ ഗുജറാത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു മെത്രാപ്പൊലീത്ത.
കൊച്ചി :ഓര്‍ത്തോഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. ഗുജറാത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനും സൗത്ത് സ്‌റ്റേഷനും ഇടയ്ക്കുള്ള പുല്ലപ്പാടി പാലത്തിന് സമീപത്ത് വച്ചായിരുന്നു അപടകമുണ്ടായത്.
രാജധാനി എക്‌സ്പ്രസില്‍ ഗുജറാത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു മെത്രാപ്പൊലീത്ത.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിന് സമീപം നില്‍ക്കുമ്പോഴാണ് കൈവിട്ട് പാളത്തിലേക്ക് വീണത്. ട്രെയിന്‍ ആലുവയില്‍ എത്തിയപ്പോള്‍ സഹായികളെ വിളിച്ച് 15 മിനിട്ടിനകം എറണാകുളം നോര്‍ത്തിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. കാറുമായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സഹായികള്‍ വന്നു നോക്കുമ്പോള്‍ കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍ അദ്ദേഹത്തിന്റെ പെട്ടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ച ശേഷം നടത്തിയ തിരച്ചിലിലാണ് പുല്ലേപ്പടി റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
ഇടതു കാലിലൂടെ ട്രെയിന്‍ കയറി ഇറങ്ങിയ നിലയിലാണ്. തലയ്ക്ക് പിന്നിലും പരുക്കേറ്റിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ഭൗതികശരീരം എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുപോയി. അതിനു ശേഷം പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിനായി കൊണ്ടു പോകും. പിന്നീട് ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന ഭൗതിക ശരീരം ഞായറാഴ്ച ഓതറ ദയറയില്‍ കബറടക്കും