തോമസ് ഐസക് ചട്ടലംഘനം നടത്തി രാജിവയ്ക്കണം: ചെന്നിത്തല
ഭരണഘടനാലംഘനമെന്ന ഗുരുതരമായ കുറ്റവും ഐസക് ചെയ്തു. ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്
തിരുവനന്തപുരം : മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . ഭരണഘടനാലംഘനമെന്ന ഗുരുതരമായ കുറ്റവും ഐസക് ചെയ്തു. ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. ഒറിജനലും കരടും കണ്ടാല്‍ അറിയാത്ത ആളാണോ ധനമന്ത്രിയെന്ന് ചോദിച്ച ചെന്നിത്തല, അഴിമതിയും കൊളളയും മറയ്ക്കാനാണ് കളളം പറയുന്നതെന്നും തുറന്നടിച്ചു.ധനമന്ത്രിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷേനേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി.
അതേസമയം കിഫ്ബിയില്‍ സിഎജി തന്നത് അന്തിമ റിപ്പോര്‍ട്ടെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ ആവശ്യം. കരട് റിപ്പോര്‍ട്ടെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് ഐസക്ക് പറഞ്ഞു. ചട്ടലംഘനമായിക്കോട്ടെ. അത് നിയമസഭയില്‍ നോക്കാം. കരടില്‍ ഇല്ലാത്ത നാലുപേജ് കൂട്ടിച്ചേര്‍ത്തത് ഡല്‍ഹിയില്‍ നിന്ന് പറഞ്ഞിട്ടാണ്. കേരളത്തിനെതിരെ ഗൂഢാലോചനയെന്നും സിഎജി റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു.മുന്‍കൂട്ടി അറിയിക്കാത്ത ഒരുവാചകം റിപ്പോര്‍ട്ടിലുണ്ടെന്ന് തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിച്ച് വി.ഡി. സതീശനും രംഗത്തെത്തി. നിയമസഭയുടെ അവകാശം ധനമന്ത്രി ലംഘിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കാണാനില്ലെന്ന് പറയുന്നത് വിചിത്രമാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.