രാജ്യത്ത് മൂന്നാം തരംഗം ? കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ

ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

0

ഡൽഹി : രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധന. കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ എത്തി.
ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്.പ്രതിദിന കൊവിഡ്കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഡൽഹിയിൽ പ്രതിദിന കേസുകൾ 10,000 കടന്നു. ഇതേതുടർന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്. കേരളത്തില്‍ 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ ബാധിതർ 230 ആയി. രണ്ടു ദിവസം കൂടി നിരീക്ഷിച്ച ശേഷമാകും കൂടുതൽ നിയന്ത്രണം വേണോയെന്ന് തീരുമാനിക്കുക.

കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ നിരീക്ഷിച്ചാൽ മതിയാകും. മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.

പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ”സമാനമായ കേസ് വ‍ർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്”, ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു

You might also like

-