ദൈവ വചനത്തിന് വിരുദ്ധമായൊന്നും ചെയ്തിട്ടില്ല; നടക്കുന്നത് അസത്യ പ്രചാരണമെന്നും വത്തിക്കാനോട് സിസ്റ്റർ ലൂസി
ഫ്രാങ്കോയ്‌ക്കെതിരെസമരം ചെയ്തതുകൊണ്ടാണ് താൻ ഇരയാക്കപ്പെടുന്നത്. പുറത്താക്കൽ നടപടി റദ്ദാക്കി മുഴുവൻ സമയവും സഭയിൽ പ്രവർത്തിക്കാൻ തന്നെ അനുവദിക്കണമെന്നും സിസ്റ്റർ ലൂസി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി വത്തിക്കാന് കത്തയച്ചു. എഫ്‌സിസി തനിക്കെതിരെ അസത്യ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ദൈവവചനത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും വത്തിക്കാന് നൽകിയ കത്തിൽ സിസ്റ്റർ ലൂസി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാങ്കോയ്‌ക്കെതിരെ
സമരം ചെയ്തതുകൊണ്ടാണ് താൻ ഇരയാക്കപ്പെടുന്നത്. പുറത്താക്കൽ നടപടി റദ്ദാക്കി മുഴുവൻ സമയവും സഭയിൽ പ്രവർത്തിക്കാൻ തന്നെ അനുവദിക്കണമെന്നും സിസ്റ്റർ ലൂസി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സിസ്റ്റർ ലൂസി എത്രയും വേഗം മഠം വിട്ടുപോകണമെന്നാവശ്യപ്പെട്ട് സന്യാസസഭ കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു. മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകണമെന്നാവശ്യപ്പെട്ട് ലൂസിയുടെ അമ്മയ്ക്ക് സഭ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിസ്റ്റർ ലൂസി വത്തിക്കാന് കത്തയച്ചിരിക്കുന്നത്. സഭയ്‌ക്കെതിരെയുള്ള നിയമ നടപടിയും സിസ്റ്റർ ലൂസി ആരംഭിച്ചിട്ടുണ്ട്.
പീഡനക്കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് നേരത്തെ പുറത്താക്കിയത്. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും താക്കീതുകൾ അവഗണിച്ചെന്നും കാണിച്ചാണ് മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗം ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.