പ്രതികളുടെ ശിക്ഷയിൽ പ്രത്യേകിച്ച് ഒരു വികാരവുമില്ല. പ്രാകൃത വിശ്വാസങ്ങൾ മാറി ആധുനിക മനുഷ്യർ ഉണ്ടാകട്ടെ …പ്രൊഫസര്‍ ടി.ജെ ജോസഫ്
ഒന്നിനോടും അമിത ഭയമില്ല. സാധാരണ ജീവികളുടെതു പോലെ ജീവഭയം മാത്രം. മുഖ്യപ്രതിയെ പിടികൂടാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാകാം. അല്ലെങ്കിൽ സംരക്ഷിക്കുന്നവരുടെ സാമർഥ്യമാകാം. നഷ്ടപരിഹാരം നേരത്തെ സർക്കാർ തരേണ്ടതാണ്,അക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും ടി.ജെ ജോസഫ് പറഞ്ഞു
കൊച്ചി ,തൊടുപുഴ | കൈവെട്ട് കേസില്‍ കുറ്റക്കാര്‍ക്കെതിരായ കൊച്ചി എന്‍ഐഎ കോടതിയുടെ വിധിയില്‍ പ്രതികരിച്ച് പ്രൊഫസര്‍ ടി.ജെ ജോസഫ്. പ്രതികളുടെ ശിക്ഷയിൽ പ്രത്യേകിച്ച് ഒരു വികാരവുമില്ല. പ്രാകൃത വിശ്വാസങ്ങൾ മാറി ആധുനിക മനുഷ്യർ ഉണ്ടാകട്ടെയെന്നും ശിക്ഷകുറഞ്ഞോ, കൂടിയോ എന്നത് താനല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“ഒന്നിനോടും അമിത ഭയമില്ല. സാധാരണ ജീവികളുടെതു പോലെ ജീവഭയം മാത്രം. മുഖ്യപ്രതിയെ പിടികൂടാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാകാം. അല്ലെങ്കിൽ സംരക്ഷിക്കുന്നവരുടെ സാമർഥ്യമാകാം. നഷ്ടപരിഹാരം നേരത്തെ സർക്കാർ തരേണ്ടതാണ്,അക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റി:- ടി.ജെ ജോസഫ് പറഞ്ഞു.
കേസിൽ ശിക്ഷ വിധിച്ച കോടതി വിധി പ്രഖ്യാപന വേളയിൽ നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. തീവ്രവാദ പ്രവർത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മതേതര സൗഹാർദത്തിന് പോറലേൽപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാൻ ശ്രമിച്ചു. പ്രതികൾ നിയമം കയ്യിലെടുത്ത് സ്വന്തമായി നടപ്പാക്കാൻ ശ്രമിച്ചു. അധ്യപകൻ ചെയ്തത് മതനിന്ദ ആണെന്ന് സ്വയം പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കിയെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ പ്രവൃത്തി പ്രകൃതമാണെന്നും സമാന സംഭവം ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും കോടതി മുന്നറിയിപ്പ് നൽകി. പ്രതികൾക്ക് മാനസാന്തരം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു
തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രതികള്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഒമ്പതാം പ്രതി നൗഷാദ് , പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. പ്രതികൾ എല്ലാവരും ചേർന്ന് നാല് ലക്ഷം രൂപ പ്രൊഫസര്‍ ടി.ജെ ജോസഫിന് നൽകണമെന്നും കോടതി വിധിച്ചു.നേരത്തെ പ്രഖ്യാപിച്ച പിഴക്ക് പുറമെയാണ് ഈ തുക നൽകേണ്ടത്.
രണ്ടാം പ്രതിസജിൽ 2,85,000 രൂപയും.. മൂന്നാംപ്രതി നാസറും അഞ്ചാം പ്രതി നജീബും 1,75,000 രൂപ വീതവും പിഴ അടക്കണം.. ഇതിൽ നിന്നുള്ള തുകയാണ് പ്രൊഫസർ ടി ജെ ജോസഫിന് നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ വ്യകതമാക്കിയിരുന്നു .ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ തെളിവ് മറച്ചുവെക്കൽ ,പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് ഉള്ളത്. പ്രതികളായ ഷെഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി . മൻസൂർ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പ്രൊഫസർ ടിജെ ജോസഫിന്റെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്.
2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിയത്. ഈ കേസിലാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനു ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്.